യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് തൃശൂരിൽ എത്തി സുജിത്തിനെയും ജില്ലാ കോൺഗ്രസ് നേതാക്കളെയും കാണും. തുടർന്ന് ഭാവിയിലെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കും.
സുജിത്തിനെ മർദിച്ച പൊലീസുകാരെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ മർദനമേറ്റവരെ ഒരുമിപ്പിച്ച് സംസ്ഥാനവ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊതുവിൽ പ്രചരിപ്പിച്ചും പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
2023-ലാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവുപ്രകാരം സുജിത്തിന് ലഭിച്ച ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രിൽ 5-നാണ് സംഭവം നടന്നത്.
വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം ചോദിച്ചപ്പോൾ, സ്റ്റേഷനിലെ എസ്ഐ നൂഹ്മാനും സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്ന് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. ജീപ്പിൽ നിന്ന് ഇറക്കി അകത്തേക്ക് കൊണ്ടുപോകുന്ന വേളയിൽ തന്നെ പൊലീസ് സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാണ്.
സുജിത്തിനെതിരെ “മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പൊലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി” എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി ജയിലിലടയ്ക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പൊലീസ് മർദനത്തെ തുടർന്ന് സുജിത്തിന്റെ ചെവിക്ക് കേൾവി പ്രശ്നം ഉണ്ടായതും വ്യക്തമായി.
ഈ സംഭവത്തെ തുടർന്ന് സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. എന്നാൽ പൊലീസുകാർക്കെതിരെ കേസ് എടുക്കാനോ നടപടിയെടുക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിന്നീട് നാല് പൊലീസുകാർക്കെതിരെ നേരിട്ട് കേസ് എടുത്തു.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകാൻ വിസമ്മതിച്ചു. തുടർന്ന് സുജിത്ത് നൽകിയ അപ്പീലിന് അടിസ്ഥാനത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടപെട്ട് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. ഇരുപാർട്ടികളുടെയും വാദം കേട്ട ശേഷമാണ് കമ്മീഷൻ കടുത്ത നിർദേശം പുറപ്പെടുവിച്ചത്. ഇപ്പോൾ കേസിന്റെ തുടർ നടപടികൾ കോടതിയുടെ വിധിപ്രകാരമാകും.
Tag: Congress to intensify protest over beating of Youth Congress leader VS Sujith