“എന്തിനും തയ്യാറാണ്, എങ്ങനെ ഒത്തുതീർക്കണം എന്ന് പറഞ്ഞാൽ മതി”; യൂത്ത് കോൺഗ്രസ് നേതാവിന്റെ കേസ് ഒത്തുതീർക്കാൻ പണം വാഗ്ദാനം ചെയ്തതായി ആരോപണം

“എന്തിനും തയ്യാറാണ്, എങ്ങനെ ഒത്തുതീർക്കണം എന്ന് പറഞ്ഞാൽ മതി”; യൂത്ത് കോൺഗ്രസ് നേതാവിന്റെ കേസ് ഒത്തുതീർക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തതായി ആരോപണം
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി. എസ്. സുജിത്തിന്റെ കേസ് ഒത്തുതീർക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തതായി ആരോപണം. “എന്തിനും തയ്യാറാണ്, എങ്ങനെ ഒത്തുതീർക്കണം എന്ന് പറഞ്ഞാൽ മതി” എന്നായിരുന്നു പൊലീസ് പ്രതിനിധികളുടെ നിലപാട്. എന്നാൽ, “സിസിടിവി ദൃശ്യങ്ങൾ പുറത്തുവരട്ടെ, പൊതുജനം അറിയട്ടെ, നിയമനടപടി സ്വീകരിക്കാം” എന്നാണ് തങ്ങൾ മറുപടി നൽകിയതെന്ന് സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
“എത്ര പണം വേണമെങ്കിലും നൽകാമെന്ന് പൊലീസിന് വേണ്ടി വന്നവർ പറഞ്ഞു. മുമ്പും കുന്നംകുളം സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനങ്ങൾ ഒത്തുതീർപ്പാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും സ്റ്റേഷനിൽ ഇത്തരം ക്രൂരതകൾ നടക്കുന്നു. പിന്നീട് പണം നൽകി പൊലീസ് രക്ഷപ്പെടും. എന്നാൽ ഞങ്ങൾ നിയമവഴി പിന്തുടരാനാണ് തീരുമാനിച്ചത്,” സുജിത്ത് വ്യക്തമാക്കി.
“ജീവിതം ആണ് ഒത്തുതീർപ്പാക്കണം” എന്ന തരത്തിലുള്ള ഭീഷണി പൊലീസ് ഉന്നയിച്ചുവെന്ന് കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. “പഴയ സിഐ ഓഫീസ് ഇടിമുറിയിലാണ് സിസിടിവി ഇല്ലാത്തത്. പ്രതികളെ ആദ്യം അവിടെ കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. സ്റ്റേഷന്റെ മുകളിൽ സിസിടിവി ഇല്ല. സുജിത്തിന് നേരിട്ട മർദ്ദനത്തിന്റെ 10 ശതമാനം മാത്രമാണ് പുറത്തുവന്നത്,” എന്നും പറഞ്ഞു.
“ഇപ്പോൾ ആവശ്യമായ വകുപ്പുകൾ കേസിൽ ചേർത്തിട്ടുണ്ട്. എങ്കിലും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. അവരെ ഉടൻ മാറ്റിനിർത്തി, ജോലിയിൽ നിന്ന് പുറത്താക്കാൻ ഹർജി സമർപ്പിച്ചിരിക്കുകയാണ്.”
സുജിത്തിനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ 2023 ഏപ്രിൽ 5-നാണ് ഉണ്ടായത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ സുജിത്ത്, വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നതിനെതിരെ ചോദ്യം ചെയ്തതിനോടെയാണ് മർദ്ദനത്തിനിരയായത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവുപ്രകാരം സുജിത്തിന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. പൊലീസ് നേരത്തെ ദൃശ്യങ്ങൾ നൽകാൻ വിസമ്മതിച്ചിരുന്നു. വിവരാവകാശ കമ്മീഷൻ, പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വാദം കേട്ടശേഷമാണ് ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടത്. സംഭവത്തിൽ ഉൾപ്പെട്ട നാല് പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ കോടതി നേരിട്ട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Tag: Allegations that money was offered to settle the case of a Youth Congress leader