കുട്ടിയുടെ സംരക്ഷണം മാതാപിതാക്കൾക്ക് , ചെറുമകൻ്റെ സംരക്ഷണം തിരിച്ചു നൽകാൻ മുത്തശ്ശിയോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

മുംബൈ: ചെറുമകൻ്റെ സംരക്ഷണം മാതാപിതാക്കൾക്ക് തിരിച്ചു നൽകാൻ മുത്തശ്ശിയോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ വിധി . ഇരട്ടക്കുട്ടികളിലൊരാളായ കുട്ടിയെ മുത്തശ്ശിയെ ഏൽപ്പിച്ച് സെറിബ്രൽ പാൾസി രോഗമുള്ള രണ്ടാമത്തെ കുഞ്ഞിനെ തങ്ങൾക്കൊപ്പം വളർത്തുകയായിരുന്നു മാതാപിതാക്കൾ. സ്വത്തുതർക്കത്തെ തുടർന്ന് 74കാരിയായ മുത്തശ്ശിയോട് മകനെ തിരികെ തരണമെന്ന് പിതാവ് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം അവർ നിരസിക്കുകയും പിന്നീട് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു . ഇതിനാണിപ്പോൾ വിധി വന്നത് .
കുഞ്ഞുമായി ആത്മബന്ധമുണ്ടെന്ന വാദത്തിന്റെ പേരിൽ മാതാപിതാക്കളെക്കാൾ അവകാശം മുത്തശ്ശിക്ക് നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ച് വയസുകാരനെ ഒപ്പം നിർത്താനുള്ള മുത്തശ്ശിയുടെ വാദങ്ങൾ നിരാകരിച്ചാണ് കോടതി വിധി . ജനിച്ചത് മുതൽ കുഞ്ഞിനെ വളർത്തിയത് താനാണെന്നും തങ്ങൾക്കിടയിൽ വലിയ ആത്മബന്ധമുണ്ടെന്നും മുത്തശ്ശി കോടതിയിൽ വാദിസിച്ചെങ്കിലും അത്തരം ബന്ധമൊന്നും മാതാപിതാക്കൾക്ക് കുട്ടിയുടെ സംരക്ഷണ ചുമതല നൽകുന്നതിനെക്കാൾ മുഖ്യമല്ലെന്നായിരുന്നു ജസ്റ്റിസുമാരായ രവീന്ദ്ര ഗൂജ്, ഗൗതം അങ്കദ് എന്നിവരുടെ ബെഞ്ച് നിരീക്ഷണം . കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് പ്രശ്നം സൃഷ്ടിക്കുന്ന അവസരങ്ങളിൽ മാത്രമേ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾക്ക് മേലുള്ള അധികാരത്തെ ബാധിക്കുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ മാതാപിതാക്കൾ തമ്മിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും പിതാവ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും നിരീക്ഷിച്ച കോടതി കുട്ടിയുടെ സംരക്ഷണം അവർക്ക് നൽകാൻ ഒരു പ്രശ്നവും കാണുന്നില്ലെന്നും . മാതാപിതാക്കളും മുത്തശ്ശിയും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ കുഞ്ഞിന് മാതാപിതാക്കളിൽ നിന്നും ലഭിക്കേണ്ട സംരക്ഷണം നിഷേധിക്കാൻ കഴിയില്ലെന്നും കുട്ടിയുടെ കസ്റ്റഡി ലഭിക്കുന്നതിൽ മുത്തശ്ശിക്ക് ഒരു അവകാശവുമില്ലെന്നും കോടതി വ്യക്തമാക്കി. സ്വന്തം പിതാവായതിനാൽ കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിൻ്റെ സാഹചര്യം ഇല്ലെന്നും കോടതി കൂട്ടിച്ചേർത്തു. പിന്നാലെ കുട്ടിയെ കൈമാറാൻ കോടതി മുത്തശ്ശിയോട് നിർദേശിച്ചു. അതേസമയം കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി മുത്തശ്ശിക്ക് നൽകണമെന്നും മാതാപിതാക്കളോട് കോടതി പറഞ്ഞു .