സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന എയര്‍ ഇന്ത്യ സാറ്റ്സില്‍ കസ്റ്റംസ് റെയ്ഡ് നടത്തി.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന എയര്‍ ഇന്ത്യ സാറ്റ്സില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. 9 മണിക്കൂറോളം നീണ്ട റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രാലയത്തിന്റെ അനുവാദം വേണമെന്നതിനാല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ എടുത്തിട്ടില്ല. കംപ്യൂട്ടര്‍ രേഖകളുടെ എല്ലാം പകര്‍പ്പാണ് കസ്റ്റംസ് എടുത്തത്. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്സിലെ നിയമനങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍ പല നിയമനങ്ങളിലുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരില്‍ ചിലര്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ് ഭദ്ര ഇന്റര്‍നാഷണലില്‍ നേരത്തേ ജോലി നോക്കിയിരുന്നവരാണ്. സ്വപ്നയ്ക്ക് പകരം നിയമിതയായ യുവതി റെയ്ഡ് ദിവസം ജോലിക്ക് ഹാജരായിരുന്നില്ല.
അതേസമയം, സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന് നേരിട്ടു ബന്ധം സ്ഥിരീകരിക്കുന്ന തെളിവ് ഇതുവരെ അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശിവശങ്കറിനെ പ്രതിചേര്‍ക്കാനാകില്ലെന്നാണ് എന്‍.ഐ.എക്കു കിട്ടിയ നിയമോപദേശം. ഓള് ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥനായതിനാല്‍ പ്രതിചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്തശേഷം ശിവശങ്കറിനെ ചോദ്യംചെയ്യാനാണ് എന്‍.ഐ.എ. ആലോചിക്കുന്നത്. നേരത്തെ, കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നതാണ്.