പ്രതിഷേധം കടുത്തു; സാമൂഹ്യമാധ്യമ നിരോധനം പിൻവലിച്ച് നേപ്പാൾ സർക്കാർ

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാൾ സർക്കാർ സാമൂഹ്യമാധ്യമ നിരോധനം പിൻവലിച്ചു. പൊലീസ് വെടിവെപ്പിൽ 20 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു. സർക്കാരിന് പിന്തുണ പിന്‍വലിക്കാനാണ് നേപ്പാളി കോൺഗ്രസ് ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് നേപ്പാളി കോൺഗ്രസ് മന്ത്രിമാർ പുറത്തുപോയിരുന്നു. പ്രധാനമന്ത്രി കെ.പി. ശർമ ഓലിയുടെ വസതിക്കു മുന്നിൽ ജെൻസി വിഭാഗത്തിലെ യുവാക്കൾ സമൂഹമാധ്യമ നിരോധനത്തിനെതിരെ ശക്തമായ സമരം തുടരുകയാണ്.
പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കലാപം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിരിക്കുകയാണ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ട്. യുവാക്കൾ സമരം അവസാനിപ്പിക്കണമെന്ന് വിവരവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചെങ്കിലും, നിരോധന തീരുമാനത്തിൽ തെറ്റില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
ജെൻസി പ്രക്ഷോഭം വ്യാപകമായതോടെ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നാണ് സർക്കാർ സാമൂഹ്യമാധ്യമങ്ങളിലുണ്ടാക്കിയ വിലക്ക് അവസാനിപ്പിച്ചത്.
Tag: Protests intensify; Nepal government lifts social media ban