ഗാസ സിറ്റിയിലെ ജനങ്ങളോട് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

ഗാസ സിറ്റിയിലെ ജനങ്ങളോട് അടിയന്തിരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ആക്രമണം ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ഗാസയിലെ ജനങ്ങളോട് ഞാൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കണം, ഉടൻ അവിടം വിട്ടുപോകുക. ഇതൊരു മുന്നറിയിപ്പാണ്” എന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസ സിറ്റിയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജെറുസലേമിൽ നടന്ന വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേൽ ഗാസ സിറ്റിയെ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജെറുസലേമിലെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി അറിയിച്ചു. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇരുവരെയും ഇസ്രയേലി പൊലീസ് വെടിവച്ച് കൊന്നതായി സ്ഥിരീകരിച്ചു. സംഭവം നടന്ന സ്ഥലത്ത് നെതന്യാഹു നേരിട്ട് എത്തി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
അതേസമയം, ആക്രമണത്തെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് ഹമാസ് പ്രതികരിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിൾക്ക് സ്വാഭാവിക പ്രതികരണമാണ് വെടിവെയ്പ്പ് എന്നാണ് സംഘടന വ്യക്തമാക്കിയത്. പ്രാദേശിക സമയം രാവിലെ 10.15-ഓടെ ജെറുസലേമിലെ രമോട്ട് ജംഗ്ഷനിൽ ബസ് കാത്തുനിന്നവരെ ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ട ആക്രമകാരികളിൽ നിന്നും സ്ഫോടക വസ്തുക്കളും കത്തികളും കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ന് മാത്രം ഗാസ സിറ്റിയിൽ 32 പേർ കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നു.
Tag: Israeli Prime Minister urges Gaza City residents to evacuate immediately