നടിയെ അപമാനിച്ച പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം
നടിയെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയെ തുടർന്ന് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ സനലിനെ എളമക്കര എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിച്ചു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സനൽ കുമാർ കൊച്ചിയിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് രാവിലെ തന്നെ കോടതിയിൽ ഹാജരാക്കി. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്.
തനിക്കെതിരെയുള്ള കേസുകൾ “കെട്ടിച്ചമച്ചതാണ്” എന്നാണ് സനൽ കുമാർ കോടതിയിൽ ഹാജരാകുന്നതിനുമുമ്പ് പറഞ്ഞത്. “ഞാൻ കൊലപാതകം ചെയ്‌തോ? മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? മാസപ്പടി വാങ്ങിയോ? എന്റെ ‘കുറ്റം’ പ്രണയിച്ചതാണ്. രണ്ട് പേർ തമ്മിൽ സ്നേഹിക്കുന്നത് കുറ്റമാണോ? ഒരു സ്ത്രീ തടവിലാണെന്ന് പറഞ്ഞതുകൊണ്ടാണ് പൊലീസ് എന്നെ പിടിച്ചത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനുവരിയിൽ നടി നൽകിയ ഇ- മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുത്ത സമയത്ത് സനൽ കുമാർ യുഎസിലായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ചയാണ് വിമാനത്താവളത്തിൽ എത്തിയ സനൽകുമാർ ശശിധരനെ പൊലീസ് തടഞ്ഞത്. ഈ വിവരം സനൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും നിരവധി പോസ്റ്റുകൾ സനൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന് പറഞ്ഞ് ചില ശബ്ദസന്ദേശങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. അപകീർത്തികരമായ പോസ്റ്റുകൾ നീക്കാൻ പൊലീസ് നടപടിയും സ്വീകരിച്ചു. മുൻപ് നൽകിയ പരാതിയിൽ കേസുകൾ നിലനിൽക്കെ വീണ്ടും ശല്യം തുടരുകയാണെന്നാരോപിച്ച് നടി വീണ്ടും പൊലീസിനെ സമീപിച്ചതോടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. 2022-ലും സനൽ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.
Tag: Director Sanal Kumar Sasidharan granted bail in actress insult complaint