സ്വർണവിലയിൽ പുതിയ റെക്കോർഡ്; ഗ്രാമിന് 10,000 രൂപ കടന്നു

സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഇന്നലെ ഗ്രാമിന് 125 രൂപ കൂടി 10,110 രൂപയും, പവന് 1,000 രൂപ കൂടി 80,880 രൂപയുമായി. ഇതോടെ സ്വർണവില ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന നിരക്കിലെത്തി. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.15 കോടി രൂപയായി.
ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം 50 രൂപ കൂടി. 2022 ഡിസംബർ 29-ന് ഗ്രാമിന് 5,005 രൂപയും പവന് 40,040 രൂപയുമായിരുന്നു. അന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 1,811 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.84 ആയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ വില ഇരട്ടിയായി ഗ്രാമിന് 10,000 രൂപ കടന്നിരിക്കുകയാണ്. ഇപ്പോഴത്തെ അന്താരാഷ്ട്ര സ്വർണവില 3,645 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88-ലുമാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കൻ ഭരണകൂടത്തിന്റെ നികുതി നയങ്ങൾ, ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ എന്നിവ സ്വർണം സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം വർധിപ്പിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപകർ ഇപ്പോഴും ‘ഹോൾഡ്’ നിലപാട് തുടരുന്നതും വിലവർധനയെ ശക്തിപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3,670 ഡോളർ കടന്നാൽ 3,800 ഡോളർ വരെ ഉയരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Tag: Gold price hits new record; crosses Rs 10000 per gram