“വി.ടി. ബൽറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ല, രാജിവെച്ചിട്ടുമില്ല,”; രമേശ് ചെന്നിത്തല
കോൺഗ്രസിലെ ഡിജിറ്റൽ മീഡിയ സെല്ലിനെ ചുറ്റിപ്പറ്റി പുതിയ വിവാദം. പാർട്ടിക്ക് ഇത്തരം സെൽ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അദ്ദേഹത്തിന്റെ പ്രസ്താവന അനാവശ്യവും പാർട്ടിക്ക് തിരിച്ചടിയായെന്നും നേതാക്കൾ വിലയിരുത്തുന്നു.
“വി.ടി. ബൽറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ല, രാജിവെച്ചിട്ടുമില്ല,” എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “അദ്ദേഹം ചുമതലക്കാരൻ അല്ല. മറ്റുള്ളവർ പോസ്റ്റ് ചെയ്തതാണ്. തെറ്റെന്ന് മനസിലായപ്പോൾ അത് പിൻവലിച്ചു. അതിലധികം വിഷയമൊന്നുമില്ല,” എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വി.ടി. ബൽറാമുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ് എന്നും ഇന്നലെ തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. കെപിസിസി പ്രസിഡന്റുമായും ഇതിനേക്കുറിച്ച് ആശയവിനിമയം നടത്തിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, വി.ഡി. സതീശൻ “ഡിജിറ്റൽ മീഡിയ സെൽ ഇല്ല” എന്ന് പറഞ്ഞതിന് പിന്നാലെ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പിലൂടെ “ഡിജിറ്റൽ മീഡിയ സെൽ പ്രവർത്തിക്കുന്നുണ്ട്” എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സതീശൻ വീണ്ടും പ്രതിരോധത്തിലായി.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലും വലിയ എതിർപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. മീഡിയ സെൽ അംഗങ്ങൾതന്നെ തുറന്ന വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സതീശൻ സ്വന്തം ഇമേജ് ഉയർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയരുമ്പോൾ, അദ്ദേഹത്തെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ ക്യാമ്പെയ്ൻ ശക്തമായി തുടരുകയാണ്.
Tag: No one has expelled V.T. Balram from the social media cell, nor has he resigned Ramesh Chennithala