ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ പട്ടിണിക്കിടക്കുന്നുവെന്ന് ഇസ്രയേൽ സുപ്രീംകോടതി
ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ പട്ടിണിക്കിടക്കുന്നുവെന്ന് ഇസ്രയേൽ സുപ്രീംകോടതി കടുത്ത വിമർശനവുമായി. തടവുകാർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകണമെന്നും, നൽകുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വർധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. 2023-ൽ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള സുപ്രീംകോടതിയുടെ ആദ്യത്തെ നിർണായക ഇടപെടലാണ് ഇത്. ഇപ്പോൾ ഇസ്രയേലിലെ ജയിലുകളിൽ ആയിരത്തിലധികം പലസ്തീനികൾ തടവിലാണ്.
അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രയേൽ, ഗിഷ എന്നീ സംഘടനകളാണ് കേസ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം സമർപ്പിച്ച ഹർജിയിൽ, സർക്കാർ ബോധപൂർവ്വം തടവുകാർക്ക് വേണ്ട ഭക്ഷണം തടഞ്ഞുവെക്കുന്നതായും അതുവഴി പോഷകാഹാരക്കുറവും പട്ടിണിയും വ്യാപകമാകുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇവരിൽ രണ്ടുപേർ പലസ്തീൻ തടവുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ ഒരാൾ എതിർപ്പ് രേഖപ്പെടുത്തി. “തടവുകാർക്ക് ആഡംബര ജീവിതമോ സുഖവാസമോ ഒരുക്കണമെന്നല്ല, നിയമം ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ നൽകണമെന്നതാണ് കോടതി പറയുന്നത്. അതിജീവനത്തിന് ആവശ്യമായ കുറഞ്ഞ നിലവാരമുള്ള ഭക്ഷണം പോലും സർക്കാർ നൽകുന്നില്ലെന്നത് അംഗീകരിക്കാനാവില്ല,” എന്ന് കോടതി നിരീക്ഷിച്ചു.
2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധം രണ്ടാമത്തെ വർഷത്തിലേക്ക് കടക്കുകയാണ്. ഈ കാലയളവിൽ ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ പലർക്കും കുറ്റം ചുമത്താതെയും മാസങ്ങളോളം തടവിൽ പാർപ്പിച്ച ശേഷമാണ് വിട്ടയച്ചത്. തടവിൽ കഴിയുമ്പോൾ ക്രൂരമായ ശാരീരികവും മാനസികവും പീഡനങ്ങൾക്ക് ഇരയായവരും നിരവധിയാണ്.
ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 64,522 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 52 പേർ കൊല്ലപ്പെട്ടു – ഗാസ മുനമ്പിൽ 20 പേരും, ഗാസ സിറ്റിയിൽ 32 പേരുമാണ് ജീവൻ നഷ്ടപ്പെട്ടത്. ഏകദേശം 320 പേർക്ക് പരിക്കേറ്റു. കടുത്ത പട്ടിണി മൂലം ആറു പേർ മരിച്ചു.
സഹായത്തിനായി എത്തുന്ന സാധാരണ ജനങ്ങൾക്കുപോലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്ക് പരിക്കേറ്റു. മെയ് മുതൽ മാത്രം 2,430 പേർ കൊല്ലപ്പെടുകയും 17,794 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം തുടങ്ങി മുതൽ 1,63,096 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനത്തിനുപോലും അനുകൂല സാഹചര്യമില്ലാത്തതിനാൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്.
Tag: Israeli Supreme Court says Palestinian prisoners in Israeli jails are starving