രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന, മർദ്ദനത്തിന് കുറവില്ല; കേരള പോലീസ് ഇങ്ങനെ പ്രവർത്തിച്ചാൽ മതിയോ?
കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ജനസൗഹാർദ്ദ പോലീസിംഗ്, കേരള പോലീസ് രാജ്യത്തിനാകെ മാതൃകയായ എത്രയോ സംഭവങ്ങൾ നമുക്കറിയാം. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന എന്ന ഖ്യാതി കേരള പോലീസിനാണ്. പക്ഷേ അധികാരമില്ലാത്ത ജനങ്ങളുടെ മേൽ കൈ കരുത്തിലൂടെ അമിതാ അധികാരം പ്രയോഗിക്കുകയാണ് പോലീസിന്റെ ചുമതല എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ പോലീസ് സേനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ തുടരുന്നുണ്ട്. തൃശ്ശൂർ ചൊവ്വന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെ 2023 ഏപ്രിൽ അഞ്ചിന് പോലീസ് സ്റ്റേഷനിൽ എസ് ഐ അടക്കം നാലു പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കേരള മനസ്സാക്ഷിക്ക് ഞെട്ടൽ ഉണ്ടാക്കിയ സംഭവങ്ങൾ പ്രതിദിനം വർദ്ധിക്കുകയാണ്. 2023 മെയ്യിൽ പീച്ചി സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ സംഭവങ്ങളിലെല്ലാം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരിൽ നിന്ന് ഉണ്ടായത്. മർദ്ദനമേറ്റ ഹോട്ടൽ ജീവനക്കാരെ പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടലുടമയിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. കൊല്ലത്ത് പോലീസിന്റെ കയ്യേറ്റത്തിനിരയായ സിപിഐഎം ലോക്കൽ സെക്രട്ടറി മാധ്യമങ്ങളുടെ സംസാരിക്കുന്നത് പാർട്ടി പ്രാദേശിക നേതാക്കൾ ബലമായി തടസ്സപ്പെടുത്തുന്നതും നമ്മൾ കണ്ടു. പോലീസിന്റെ ജനവിരുദ്ധ നടപടികൾക്കെതിരായ വിമർശനങ്ങളെ പലപ്പോഴും ലഘൂകരിച്ചു കാണുന്ന സമീപനമാണ് ഭരണാധികാരികളിൽ നിന്നും മിക്കപ്പോഴും ഉണ്ടാവുന്നത്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല എന്ന് മുഖ്യ പ്രസംഗിക്കുകയും ചെയ്തു. പോലീസിന്റെ മനോവീര്യത്തേക്കാൾ പ്രധാനമാണ് വ്യക്തികളുടെ അന്തസ്സും അവകാശവും. സിസിടിവി ക്യാമറയുടെ മുൻപിൽ പോലും പരസ്യമായി മനുഷ്യാവകാശ ലംഘനം നടത്താൻ ധൈര്യം കാണിക്കുന്ന മനോവീര്യം പോലീസിന് നൽകേണ്ട ബാധ്യത ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ടോ. പൊതുജനങ്ങളുടെ ആദരവിനും വിശ്വാസത്തിനും അർഹത നേടിക്കൊടുത്താണ് പോലീസ് സംവിധാനം പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ ഭരണാധികാരികൾ തയ്യാറാകണം. പൗരാവകാശം എന്ന പദത്തിന്റെ പവിത്രതയും കരുത്തും പരിശീലന കാലത്ത് തന്നെ പോലീസ് സേനകൾ നടപ്പിലാക്കേണ്ടതുണ്ട്.
പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയിൽ കേൾക്കുന്ന പരാതികളുടെ എണ്ണത്തിന് കുറവില്ലെങ്കിലും നടപടി ഉണ്ടാകുന്നുണ്ടോ എന്നതിന് ഉത്തരമില്ല. നടപടി ശുപാർശ ചെയ്യാൻ മാത്രമാണ് അതോറിറ്റിയ്ക്കാവുക. രജിസ്റ്റർ ചെയ്തശേഷം വകുപ്പ് തല നടപടിക്ക് നിർദ്ദേശിക്കുമ്പോൾ അത് എത്രമാത്രം നടപ്പാക്കുന്നു എന്നതിനും അതോറിറ്റിക്ക് വ്യക്തമായ ഉത്തരമില്ല. ഇത്തരം കാര്യങ്ങളിൽ സർക്കാർ ആണ് പരിശോധന നടത്തേണ്ടത് എന്നാണ് അവരുടെ പക്ഷം. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിനെയും കാലത്തായി 17 പേർ കസ്റ്റഡി മർദ്ദനങ്ങളിൽ മരിച്ചുവെന്നാണ് കണക്ക്. സർക്കാർ തന്നെ ഇത് പുറത്തു വിട്ടിട്ടുണ്ട്. അതിനു മുൻപുള്ള യുഡിഎഫ് സർക്കാർ കാലത്ത് എട്ടുപേർ കസ്റ്റഡി മർദ്ധനങ്ങളിൽ മരിച്ചിരുന്നു. ഇതിന് പുറമെയാണ് കസ്റ്റഡി മർദ്ദനം അനുഭവിക്കേണ്ടിവരുന്നവരുടെ പരാതികൾ. എസ് പി മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളാണ് സാധാരണ വരാറുള്ളത്. ബലാത്സംഗം കസ്റ്റഡിയിലെ ലൈംഗിക പീഡനം തുടങ്ങിയവയിലെ പരാതികളും കൈകാര്യം ചെയ്യുന്നുണ്ട്. 2012 മുതൽ ഇക്കൊല്ലം വരെ 5218 പരാതികളാണ് ലഭിച്ചത്. 5152 പരാതികളും തീർപ്പാക്കിയിട്ടുണ്ട്. 66 പരാതികൾ മാത്രമേ ഇനി തീർപ്പാക്കാനായി ബാക്കിയുള്ളത്. വകുപ്പ് തല നടപടിയാണ് അതോറിറ്റി പലപ്പോഴും ശുപാർശ ചെയ്യാറുള്ളത് അതിൽ മിക്കതും നടപ്പാവാറില്ലെന്ന് മാത്രമല്ല, അതിനു മുന്നോടിയായി ഉള്ള വകുപ്പ് അന്വേഷണം പോലും വൈകുകയാണെന്നും പരാതിയുണ്ട്.
നിയമ നടപടി നിറവേറ്റുന്നതിന് അത്യാവശ്യമെങ്കിൽ മാത്രമേ പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്താവു എന്ന മുൻ ഡിജിപി സർക്കുലറുകൾ വെറുതെയാവുന്ന അവസ്ഥയാണുള്ളത്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന കെഎസ് ബാലസുബ്രഹ്മണ്യൻ 2014 ഇറക്കിയ സർക്കുലറിലാണ് കസ്റ്റഡിയിലുള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കർശനമായി നിർദ്ദേശിച്ചത്. ഇത് അടക്കം പോലീസിന്റെ പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റം ഉപേക്ഷിക്കാൻ 7 സർക്കുലറുകളും നാല് എക്സിക്യൂട്ടീവ് ഡയറക്ടറുകലുമുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലരും പ്രവർത്തിക്കുന്നത് എന്ന് ഇപ്പോഴും ഓരോ സംഭവങ്ങൾ വ്യക്തമാക്കുന്നു.പൊതുജനങ്ങളോടുള്ള മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്ന് 2018ലെ കേരള പോലീസ് ആക്റ്റിലെ വകുപ്പ് 29 വ്യക്തമാക്കിയിട്ടുണ്ട്. 2024 ജനുവരിയിലെ സർക്കുലർ എല്ലാ ഉദ്യോഗസ്ഥരും പൊതുജനങ്ങളുടെ മാന്യമായി പെരുമാറാൻ ബാധ്യസ്ഥരാണ് വ്യക്തമാക്കുന്നു.
പൊതുജനങ്ങൾ പോലീസ് നടപടിയുടെ വീഡിയോ നിയമവിധേയമായി എടുക്കുന്നത് തടയാൻ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. അനിൽകാന്ത് 2021 പുറത്തിറക്കിയ സർക്കുലർ പൊതുജനങ്ങളുമായി ഇടപഴങ്ങുമ്പോൾ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട നടപടികളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ പരിശീലന സമയത്തും സർവീസ് കാലയളവിലും സേനയ്ക്ക് നൽകുന്നുണ്ട്. കസ്റ്റഡി മർദ്ദനവും മോശം പെരുമാറ്റവും ഉൾപ്പെടെയുള്ള പരാതികളിൽ അന്വേഷണം നടക്കുകയും കുറ്റക്കാർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും കർശനം നടപടി ഉണ്ടാകാറില്ല. പലപ്പോഴും ഇത് സസ്പെൻഷനിൽ മാത്രം ഒതുങ്ങും.
മൊബൈൽ ഫോൺ ചിത്രീകരണം പോലീസ് സ്റ്റേഷനിൽ അനുവദനീയം അല്ലെങ്കിലും പോലീസ് സ്റ്റേഷനിൽ ഉള്ളിലെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം ആവശ്യമായ ഘട്ടങ്ങളിൽ പൗര ലഭിക്കാനുള്ള അവകാശം പൗരനുണ്ട്. ഏത് സ്റ്റേഷനിലും പൗരന് സമാധാനപരമായി ഏത് സമയത്തും പ്രവേശിക്കാം. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണാനും കാര്യങ്ങൾ അറിയിക്കാനും കഴിയും. ഈ അവകാശം മതിയായ കാരണങ്ങളില്ലാത്ത തടയാനാകില്ല. വനിതകൾക്ക് വനിതാ പോലീസ് സഹായത്തോടെ സ്വകാര്യമായി പരാതികൾ നൽകാൻ സൗകര്യമുണ്ട്. പരാതി സംബന്ധിച്ച് പോലീസ് നടപടിയോ അന്വേഷണത്തിന്റെ അവസ്ഥയെക്കുറിച്ചും അറിയാൻ പരാതി നൽകുന്നയാൾക്ക് അവകാശമുണ്ട് . ഏതൊരാൾക്കും മറ്റൊരാൾ പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാനുള്ള അവകാശമുണ്ട്. ഇക്കാര്യങ്ങൾ പോലീസ് നിയമത്തിന്റെ സെക്ഷൻ 8 തന്നെ ഉറപ്പാക്കുന്നവയാണ്. എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല എന്ന് അറിയിക്കൽ പൗരാവകാശത്തിൽ ഉൾപ്പെടുന്നു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോഴും ചോദ്യം ചെയ്യുമ്പോഴും ഉദ്യോഗസ്ഥന് തിരിച്ചറിവുണ്ടാകണമെന്നും നിർദ്ദേശമുണ്ട്.
Tag: best police force in the country, no shortage of abuse; is it enough for Kerala Police to act like this