ദോഹയിലെ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്, ആക്രമണം നടക്കുന്നതിന് മുമ്പ് യുഎസ് സൈന്യം ഖത്തറിനെ വിവരം അറിയിച്ചിരുന്നുവെന്ന് ട്രംപ്
ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെങ്കിലും, നേതാക്കൾ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഖത്തർ സ്വദേശിയും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടുന്നുവെന്ന് സംഘടനയുടെ പ്രതികരണത്തിൽ വ്യക്തമാക്കി.
വെടിനിർത്തൽ കരാറിൽ എത്താനുള്ള ഇസ്രയേലിന്റെ താത്പര്യമില്ലായ്മയ്ക്ക് തെളിവാണ് ഈ ആക്രമണമെന്ന് ഹമാസ് വിമർശിച്ചു. അൽജസീറയാണ് ഹമാസിന്റെ പ്രസ്താവന ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.
അതേസമയം, ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യായീകരിച്ചെങ്കിലും, അറബ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഖത്തറിൽ, ആക്രമണം നടക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മുമ്പ് യുഎസ് സൈന്യം വിവരങ്ങൾ വൈറ്റ് ഹൗസിനെ അറിയിച്ചു കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റും ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. എന്നാൽ, ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി അത് തെറ്റാണെന്നും ഖത്തറിനെ മുൻകൂട്ടി അറിയിക്കാതെയാണ് ആക്രമണം നടത്തിയതെന്നും വ്യക്തമാക്കി. “പരമാധികാര രാഷ്ട്രവും സഖ്യകക്ഷിയുമായ ഖത്തറിനുള്ളിൽ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങൾക്ക് ഗുണകരമല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ഗസ്സയിലെ ജനങ്ങളുടെ ദുരിതത്തെ ചൂഷണം ചെയ്ത ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പിന്നീട് വ്യക്തമാക്കി.
Tag: Hamas denies Hamas leaders were killed in Doha attack, Trump says US military informed Qatar before attack