നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം; നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
ജെന്‍സി പ്രക്ഷോഭം ശക്തമായതോടെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും, അക്രമം തുടരുകയാണെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സൈനിക മേധാവി അശോക് രാജ് മുന്നറിയിപ്പ് നല്‍കി. സമാധാനം പാലിക്കാനും പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാകാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കാഠ്മണ്ഡു വിമാനത്താവളവും സൈനികരുടെ നിയന്ത്രണത്തിലേക്ക് മാറിയിട്ടുണ്ട്. ബുധനാഴ്ച വരെ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സുകളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
അതേസമയം, നേപ്പാളിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ത്യയില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. യുവജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി എന്നിവര്‍ രാജിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേല്‍, കൃഷിമന്ത്രി രാം നാഥ് അധികാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും രാജിവച്ചതോടെ ഭരണസംവിധാനം തകരാറിലായി. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ഇതുവരെ ശമിച്ചിട്ടില്ല.
പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ ആക്രമിച്ച് നശിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിന് തീ കൊളുത്തിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 22 പേര്‍ പ്രതിഷേധങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുത്തി.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അടക്കം 26 സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. അഴിമതിയും തൊഴിലില്ലായ്മയും മറച്ചുവയ്ക്കാനായിരുന്നു ഈ നീക്കമെന്ന് യുവജനങ്ങള്‍ ആരോപിച്ചു. നേപ്പാളില്‍ പ്രവര്‍ത്തിക്കാന്‍ സാമൂഹികമാധ്യമ കമ്പനികള്‍ ഓഫീസ് തുറന്ന് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ പ്രതിഷേധക്കാര്‍ “You Stole Our Dreams”, “Youth Against Corruption” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തെരുവിലിറങ്ങി.
Tag: Nepal’s gensi protests: Army takes control