നൈജീരിയൻ ലഹരി മാഫിയ കേസ്; പ്രതികൾക്ക് രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആലോചന
നൈജീരിയൻ ലഹരി മാഫിയ കേസിൽ പ്രതികൾക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച് പൊലീസ് ആലോചന. കേരളത്തിലേക്ക് എത്തുന്ന ലഹരിക്കടത്തിന്റെ പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർ നേപ്പാളിലും ലഹരി വിതരണം നടത്തിയതായി സൂചനകളുണ്ട്.
ഇന്ത്യയിലേക്ക് വൻ നൈജീരിയൻ സംഘം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘടിതമായി പ്രവർത്തിച്ച ഇവർ കേരളം മാത്രമല്ല, ഹരിയാന, മിസോറം, ഹിമാചൽ പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു. ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ കൊറിയർമാരെ സൃഷ്ടിച്ച് പ്രവർത്തിച്ചിരുന്നതും കണ്ടെത്തി.
ഈ സംഘം 2010-ഓടെയാണ് വിസ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചത്. ആദ്യം എത്തിയതു ഡേവിഡ് ജോൺ എന്നയാളായിരുന്നു. അവന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ പിന്നീട് ഇന്ത്യയിലേക്ക് കടന്നത്. ഡേവിഡിന് നൈജീരിയൻ പാസ്‌പോർട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
കോഴിക്കോട് ടൗൺ പൊലീസ്, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവർ ചേർന്നുള്ള അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ നടന്ന എംഡിഎംഎ വേട്ടയാണ് ഈ കേസിലേക്ക് അന്വേഷണം വളരാൻ കാരണമായത്.
Tag: Nigerian drug mafia case; Plans to charge the accused with treason