indiaLatest NewsNationalNews

നേപ്പാൾ കലാപം; ഇന്ത്യ അതിർത്തിയിൽ സുരക്ഷ കർശനമാക്കി

നേപ്പാളിലെ കലാപം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ സുരക്ഷ കർശനമാക്കി. ഉത്തരപ്രദേശ്, ബീഹാർ തുടങ്ങിയ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. സംഭവവികാസങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതല യോഗവും ചേർന്നു. ഇന്ത്യയുമായി ആയിരം മൈലിൽ അധികം തുറന്ന അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നിയന്ത്രണങ്ങൾ കുറവായതിനാൽ അവിടുത്തെ കലാപം നേരിട്ട് ഇന്ത്യയെ ബാധിക്കാമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.

ബീഹാറിലെ റക്‌സോളിനെ നേപ്പാളിലെ ബിർഗുഞ്ചുമായി ബന്ധിപ്പിക്കുന്ന മൈത്രി പാലത്തിൽ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരെ വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പശ്ചിമബംഗാളിലെ ഡാർജിലിംഗിലെ പനിറ്റാങ്കി അതിർത്തിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. യുപിയിലെ ലഖീംപൂർഖേരിയിൽ പൊലീസിന്റെ പരിശോധന ശക്തിപ്പെടുത്തി. സംസ്ഥാന തലത്തിൽ സുരക്ഷാ വിലയിരുത്തലിനായി പ്രത്യേക യോഗങ്ങളും നടന്നു.

നേപ്പാളിലെ അക്രമങ്ങളെ “ഹൃദയഭേദകമായത്” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, സമാധാനം പുനഃസ്ഥാപിക്കണമെന്ന് നേപ്പാളിനോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയ്ക്കായി ആവശ്യമെങ്കിൽ ഇടപെടലുകൾക്കുള്ള തയ്യാറെടുപ്പുണ്ടെന്നും സുരക്ഷാകാര്യ സമിതിയുടെ യോഗത്തിൽ ധാരണയായി.

ഇതിനിടെ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾ വലിയ ആശങ്കയിലാണ്. “ഹോട്ടൽ മുറിയിലെ എല്ലാം കത്തി നശിച്ചു, ജീവൻ മാത്രം രക്ഷിക്കാനായി” എന്ന് ഉപസ്താ ഗിൽ എന്ന ഇന്ത്യൻ വിനോദസഞ്ചാരി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ തന്ത്രപ്രധാന മേഖലയായ നേപ്പാളിലെ സാഹചര്യം ഏത് ദിശയിലേക്ക് നീങ്ങും എന്നത് ഇന്ത്യ ഉറ്റുനോക്കുകയാണ്.

Tag: Nepal riots; India tightens security at border

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button