“എല്ലാം തടയുക” ; ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു, ആയിരങ്ങൾ തെരുവിൽ
ഫ്രാന്‍സില്‍ വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍. “എല്ലാം തടയുക” എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍, തലസ്ഥാനമായ പാരീസില്‍ പ്രകടനക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീയിടുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് ജനങ്ങളെ പിരിച്ചുവിട്ടു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 200-ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ പാരിസിനൊപ്പം മറ്റ് നഗരങ്ങളിലും റോഡുകള്‍ തടയലും തീ വെപ്പും അരങ്ങേറി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും സര്‍ക്കാരിനുമെതിരായ അതൃപിതിയാണ് “ബ്ലോക്കോണ്‍സ് ടൗട്ട്” (Let’s Block Everything) പ്രസ്ഥാനമായി ശക്തിപ്രാപിച്ചത്.
റെന്‍സില്‍ പ്രതിഷേധക്കാര്‍ ഒരു ബസിന് തീയിട്ടു. വൈദ്യുതി ലൈനിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. “കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് പ്രതിഷേധക്കാരുടെ ശ്രമം,” എന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റെയ്ലോ ആരോപിച്ചു. അക്രമങ്ങള്‍ തടയാന്‍ രാജ്യമൊട്ടാകെ 80,000 പൊലീസുകാരെ വിന്യസിച്ചിരുന്നുവെങ്കിലും, വിവിധയിടങ്ങളില്‍ പ്രതിഷേധം വ്യാപിച്ചു.
പാരിസില്‍ മാലിന്യപ്പെട്ടികള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് പ്രധാന പാതകളില്‍ ഗതാഗത തടസ്സം നേരിട്ടു. പ്രാദേശിക സമയം രാവിലെ ഒന്‍പത് മണിയോടെ തലസ്ഥാനത്ത് മാത്രം 75 പേരെ പൊലീസ് പിടികൂടി. പിന്നീട് ദിവസാവസാനം അറസ്റ്റുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.
രാജ്യത്തെ പൂര്‍ണമായും സ്തംഭിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഗതാഗത, പൊതുജീവിത മേഖലകളില്‍ വ്യാപകമായ തടസമുണ്ടായി. പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ രാഷ്ട്രീയ കലാപം രൂക്ഷമായത്. പൊതുഅവധികള്‍ വെട്ടിക്കുറയ്ക്കല്‍, പെന്ഷന് മരവിപ്പ് തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബെയ്റോ രാജിവെച്ചു.
തുടര്‍ന്ന് പ്രസിഡന്റ് മാക്രോണ്‍ പ്രതിരോധമന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇത്. ഇടിവ് നേരിടുന്ന രാഷ്ട്രീയ സ്ഥിരതയ്ക്കിടയില്, ജനങ്ങളുടെ രോഷം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടിയായിത്തീരുകയാണിതെന്ന് വിമര്‍ശകര്‍ പറയുന്നു.
യൂണിയനുകളും പ്രതിഷേധ സംഘാടകരും ബെയ്റോയുടെ രാജി തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “സര്‍ക്കാരിന്റെ വീഴ്ച നല്ലതാണ്, പക്ഷേ അത് മതി എന്നു മാത്രമല്ല” എന്ന് റെയില്‍ യൂണിയനായ സുഡ്-റെയില്‍ പ്രതികരിച്ചു.
ഈ വര്‍ഷം മധ്യത്തിലാണ് “എല്ലാം തടയുക” പ്രസ്ഥാനം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചാരത്തിലായത്. ടിക്ടോക്, എക്സ്, എന്‍ക്രിപ്റ്റഡ് ചാനലുകള്‍ എന്നിവയിലൂടെയാണ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ പ്രതിഷേധത്തിനായി കൂട്ടം ചേരാന്‍ തുടങ്ങിയത്.
വികേന്ദ്രീകൃത സ്വഭാവമാണ് പ്രസ്ഥാനത്തെ പ്രവചനാതീതമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ചെറിയ സംഘങ്ങള്‍ വഴിവിട്ടാല്‍ അക്രമത്തിലേക്ക് മാറാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഭരണകൂടത്തിന്റെ ആശങ്ക.
റോഡുകള്‍ തടയല്‍, ബാങ്കുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍, ആമസോണ്‍, കാരിഫോര്‍ പോലുള്ള ആഗോള കുത്തകകളെ ബഹിഷ്കരിക്കല്‍ തുടങ്ങിയ തന്ത്രങ്ങളാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. 2018-2019 കാലത്തെ “യെല്ലോ വെസ്റ്റ്” പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഇവയുടെ രൂപരേഖ. അന്ന് ഇന്ധന നികുതി വര്‍ധനവിനെതിരേ തുടങ്ങിയ സമരം, പിന്നാലെ മാക്രോണിനെതിരായ വന്‍ പ്രതിഷേധത്തിലേക്ക് വളര്‍ന്നിരുന്നു.
TAG: “Stop everything”; Protests intensify in France, thousands take to the streets