രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെയുള്ള കേസ്; ഗര്‍ഭഛിദ്രത്തിന് ആവശ്യമായ മരുന്ന് എത്തിച്ചത് രാഹുലിന്റെ അടുത്ത സുഹൃത്ത്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്. ഗര്‍ഭഛിദ്രത്തിന് ആവശ്യമായ മരുന്ന് എത്തിച്ചത്
രാഹുലിന്റെ അടുത്ത സുഹൃത്തും യുവ വ്യവസായിയുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. നാലാം മാസത്തിലായിരുന്നു ഗര്‍ഭഛിദ്രം നടന്നതെന്നും, രാഹുലിനൊപ്പം യുവ വ്യവസായിയും യുവതിയെ ഭീഷണിപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവതിയുമായി വ്യവസായി നടത്തിയ ഫോണില്‍ ബന്ധപ്പെടലുകളുടെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.
ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ നല്കിയ അപകടകരമായ മരുന്നുകളാണ് യുവതി ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തുന്നതും പുരോഗമിക്കുകയാണ്. നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. രാഹുലില്‍ നിന്ന് ലഭിച്ച അശ്ലീല സന്ദേശങ്ങളുടെ പകര്‍പ്പ് റിനി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിയ്ക്ക് പുറമേ മറ്റ് 11 പേരുടെയും മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു ആദ്യം റിനിയുടെ പരാമര്‍ശം. പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് അത് രാഹുലിനെതിരായ ആരോപണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരന് ഉള്‍പ്പടെ പലരും രാഹുലിനെതിരെ രംഗത്തെത്തി. ട്രാന്‍സ് വനിതയും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.
ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഭീഷണിപ്പെടുത്തല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വിവാദം വലുതായി. “നിന്നെ കൊല്ലാന്‍ സെക്കന്‍ഡുകള്‍ മതി”, “ഗര്‍ഭിണിയായാലും ചവിട്ടും” തുടങ്ങിയ ഭീഷണിപ്പെടുത്തലുകള്‍ അടങ്ങിയ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് കൂടുതല്‍ മുറുകി. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് കൈയൊഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെക്കുകയും, തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തു.
Tag: Case against MLA Rahul Mangkootathil; Rahul’s close friend delivered the medicine needed for abortion