ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയർന്നാലും ടിക്കറ്റിന്റെ വില ഉടൻ വർധിപ്പിക്കില്ലെന്ന് സർക്കാർ
ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയർന്നാലും ടിക്കറ്റിന്റെ വില ഉടൻ വർധിപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. താഴെത്തട്ടിലുള്ള വിൽപ്പനക്കാരുടെ കമ്മീഷൻ തുകയിൽ കുറവ് വരുത്തില്ലെന്നും ഉറപ്പ് നൽകി. പകരം ഏജന്റുമാരുടെ കമ്മീഷനിൽ ചെറിയ കുറവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഓണം ബമ്പർ ടിക്കറ്റിന്റെ വിലയും വർധിപ്പിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇന്ന് ചേർന്ന ട്രേഡ് യൂണിയൻ പ്രതിനിധികളുമായുള്ള യോഗത്തിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഈ മാസം 22 മുതൽ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരും. ലോട്ടറി ടിക്കറ്റിന്റെ ജിഎസ്ടി 28%ൽ നിന്ന് 40% ആയി ഉയരുകയാണ്. എന്നാൽ നികുതി വർധന വാങ്ങുന്നവരുടെ ബാധ്യതയാക്കരുതെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു.
രണ്ടുമാസം മുമ്പാണ് സാധാരണ ലോട്ടറികളുടെ വില 50 രൂപയായി ഏകീകരിച്ചത്. ഇനിയും ഉടൻ വില ഉയർത്തരുതെന്ന ആവശ്യവും മന്ത്രിയോടു മുന്നോട്ടുവെച്ചു. ഇത് ധനമന്ത്രി അംഗീകരിച്ചു. എന്നാൽ ടിക്കറ്റ് വില 50 രൂപയായപ്പോൾ ഏജന്റുമാരുടെ കമ്മീഷൻ ഉയർന്നിരുന്നു. ഇതിൽ കുറവ് വരുത്താനാണ് ഇപ്പോൾ ചിന്തിക്കുന്നത്. സാധാരണ വിൽപ്പനക്കാരുടെ കമ്മീഷൻ കുറയ്ക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
ഓണം ബമ്പറിന്റെ വില കൂട്ടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് വില 500 രൂപയായിത്തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ മാസം 27-ന് നറുക്കെടുപ്പ് നടക്കുന്ന ഓണം ബമ്പർ ടിക്കറ്റുകളുടെ പ്രിന്റിംഗ് 21-ന് മുമ്പ് പൂർത്തിയാക്കി ക്ഷേമനിധി ബോർഡിന് കൈമാറും. അതിനാൽ 28% ജിഎസ്ടി നിരക്കിലാണ് ഓണം ബമ്പർ ടിക്കറ്റുകൾ വിപണിയിലെത്തുക. സർക്കാരിന് നഷ്ടമുണ്ടാക്കാതെ, ജിഎസ്ടി വർധനയെ തുടർന്ന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ ധനവകുപ്പ് തുടർചർച്ചകൾ നടത്തും.
Tag: Government says ticket prices will not be increased immediately even if GST on lottery tickets increases