പെരുമ്പാമ്പിനെ പിടികൂടി കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച രണ്ടു പേർ പിടിയിൽ
പാണപ്പുഴയിൽ പെരുമ്പാമ്പിനെ പിടികൂടി കൊന്ന് പാചകം ചെയ്ത് കഴിച്ച രണ്ടു പേർ വനം വകുപ്പിന്റെ പിടിയിലായി. മുണ്ടപ്രം സ്വദേശിയായ ഉറുമ്പിൽ വീട്ടിൽ യു. പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി. ബിനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ 371-ാം നമ്പർ വീട്ടിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പെരുമ്പാമ്പിനെയാണ് കൊന്നത് എന്നും ഇറച്ചിയാക്കി ഭക്ഷിച്ചതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി. രാജീവൻ, എം. വീണ, ഡ്രൈവർ ആർ.കെ. രജീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
Tag: Two arrested for killing, cooking, and eating python