സൈനിക അട്ടിമറി, ഗൂഢാലോചനക്കേസ്; മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷം തടവ് ശിക്ഷ
ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 27 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. സൈനിക അട്ടിമറി ഗൂഢാലോചനക്കേസിലാണ് ബ്രസീലിയൻ സുപ്രീംകോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകൾ വ്യക്തമാണ് എന്ന് ജസ്റ്റിസ് കാർമെൻ ലൂസിയ കോടതിയിൽ വ്യക്തമാക്കി. നിലവിൽ ബോൾസോനാരോ വീട്ടുതടങ്കലിലാണ്.
2022-ലെ തെരഞ്ഞെടുപ്പിൽ ലുല ഡ സിൽവ അധികാരത്തിൽ വന്നതിനെ തുടർന്ന് സ്ഥാനമൊഴിയാതെ തുടരാൻ ബോൾസോനാരോ അട്ടിമറി നടത്തിയെന്നാരോപണത്തിലാണ് വിചാരണ. സോഷ്യൽ മീഡിയ നിരോധനം ലംഘിച്ചതിനെത്തുടർന്നാണ് നേരത്തെ സുപ്രീംകോടതി അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. ലുലയുടെ സർക്കാരിനെതിരെ ഗൂഢാലോചന, ക്രിമിനൽ സംഘങ്ങൾക്ക് നേതൃത്വം നൽകൽ അടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് അദ്ദേഹത്തിന്മേൽ ചുമത്തിയിരിക്കുന്നത്. അഞ്ചംഗ ജഡ്ജിമാരിൽ മൂന്ന് പേർ ബോൾസോനാരോ കുറ്റക്കാരനാണെന്ന് വിധിച്ചു.
ബോൾസോനാരോയ്ക്ക് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “ആശ്ചര്യപ്പെടുത്തുന്ന വിധി”യാണിതെന്ന് ട്രംപ് പ്രതികരിച്ചു. മുമ്പും ട്രംപ്, ബോൾസോനാരോക്കെതിരായ നടപടികളെ വിമർശിച്ച് ബ്രസീലിന് അധിക തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ കേസുകളിൽ മുഴുവൻ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതലും തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
2019 മുതൽ 2023 വരെ ബ്രസീലിന്റെ 38-ാമത് പ്രസിഡന്റായിരുന്നു ബോൾസോനാരോ. സാവോ പോളോയിലെ ഗ്ലിസെറിയോയിൽ ജനിച്ച അദ്ദേഹം 1973-ൽ ബ്രസീലിയൻ ആർമിയിൽ ചേർന്നു. 1977-ൽ മിലിട്ടറി അക്കാദമി ഓഫ് അഗുൽഹാസ് നെഗ്രാസിൽ നിന്ന് ബിരുദം നേടി. പ്രസിഡന്റായിരിക്കുമ്പോൾ ആഭ്യന്തര കാര്യങ്ങൾക്ക് മുൻഗണന നൽകി. കടുത്ത വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾ, സ്വവർഗ വിവാഹത്തെയും ഗർഭഛിദ്രത്തെയും എതിര്ത്ത നിലപാടുകൾ എന്നിവ കാരണം ബോൾസോനാരോക്ക് ബ്രസീലിൽ വലിയ പിന്തുണയും ശക്തമായ വിമർശനങ്ങളും ഒരേസമയം നേരിടേണ്ടി വന്നിരുന്നു.
Tag: Military coup plot case; Former Brazilian President Jair Bolsonaro sentenced to 27 years in prison