‘അനുമതി തേടാത്തതിന് മാപ്പ്’; ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി നീക്കം ചെയ്തതിൽ പ്രതികരിച്ച് ദേവസ്വംബോർഡ്
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്ക് നീക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ദേവസ്വം ബോർഡ്. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ സമർപ്പിക്കാൻ കോടതി ബോർഡിന് നിർദേശം നൽകി. രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ സ്വർണപ്പാളി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.
കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ പതിച്ചുവീണതോടെ സ്വർണപ്പാളികളിൽ വിള്ളൽ വന്നതിനാലാണ് അവ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതെന്ന് ബോർഡ് കോടതിയെ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിച്ചു.
ഈ നീക്കത്തെക്കുറിച്ച് തന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നുവെന്നും ബോർഡ് വ്യക്തമാക്കി. എന്നാൽ സ്വർണപ്പാളി എപ്പോഴാണ് നീക്കം ചെയ്തത്, അറ്റകുറ്റപ്പണിക്ക് സാമ്പത്തിക സഹായം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന സ്പോൺസറിനെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെക്കുറിച്ച് കോടതി വ്യക്തീകരണം ആവശ്യപ്പെട്ടു. അടിയന്തരമായി സ്വർണപ്പാളി തിരിച്ചെത്തിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടില്ല. രേഖകൾ പരിശോധിച്ച ശേഷമാണ് തുടർ തീരുമാനം ഉണ്ടാകുക.
Tag: ‘Apology for not seeking permission’; Devaswom Board responds to removal of gold plating on Dwarpalaka sculpture in Sabarimala