സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്, തുടർന്ന് നേതാക്കൾ കൈയടിച്ച് അത് അംഗീകരിച്ചു.
2023 മുതൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2022-ലെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2023-ൽ ബിനോയ് വിശ്വം ചുമതലയേറ്റിരുന്നു. സെപ്റ്റംബർ 8-നാണ് സമ്മേളനത്തിന് തുടക്കമായത്. ഇന്ന് വൈകുന്നേരം ആലപ്പുഴ ബീച്ചിലെ അതുൽ കുമാർ അഞ്ജാൻ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിന് വോളണ്ടിയർ പരേഡ് തുടക്കം കുറിക്കും. പൊതുസമ്മേളനം ഡി. രാജ ഉദ്ഘാടനം ചെയ്യും.
എന്നാൽ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നു. ഭാരത് മാതാ കി ജയ് വിളിച്ചതിനെ ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികൾ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നതായും വിമർശനം ഉണ്ടായി. “സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാകുന്നില്ല” എന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കൂടാതെ, സിപിഐയിൽ താഴെത്തട്ടിൽ വിഭാഗീയത ഇല്ലെങ്കിലും സംസ്ഥാന നേതൃനിരയിൽ അത് നിലനിൽക്കുന്നുവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിനിടയിൽ സംസ്ഥാന കൗൺസിൽ വെറും 11 തവണ മാത്രമാണ് കൂടിയതെന്നും, കൗൺസിലിന്റെ അധികാരം മുഴുവൻ എക്സിക്യൂട്ടീവ് കൈയ്യടക്കുകയാണെന്നും വിമർശനമുണ്ടായി. മന്ത്രിമാർ എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗങ്ങളായിട്ടും സംഘടനാ ചുമതലകൾ നിറവേറ്റുന്നില്ലെന്നും ആരോപിച്ചു. പാർട്ടി കമ്മിറ്റികൾ പരാജയമായെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സമ്മേളന റിപ്പോർട്ടിനെതിരെയും പ്രതിനിധികളുടെ വിമർശനം രൂക്ഷമായി. ആഭ്യന്തര വകുപ്പിനെ റിപ്പോർട്ടിൽ വെള്ളപൂശിയെന്നായിരുന്നു ആരോപണം. “പോലീസ് സർക്കാരിന് കളങ്കമാണ്, അതിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല” എന്നായിരുന്നു പ്രതിനിധികളുടെ വിലയിരുത്തൽ. പൊലീസ് ഭരണമാണ് മൂന്നാം ഭരണത്തിന് പ്രധാന തടസ്സമാകുന്നതെന്നും, തുടർഭരണം നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം പൊലീസായിരിക്കുമെന്നും മുന്നറിയിപ്പ് ഉയർന്നു.
യുഡിഎഫിന്റെയും ബിജെപിയുടെയും താൽപര്യം സംരക്ഷിക്കുന്നവർ പൊലീസ് സംവിധാനത്തിനുള്ളിലുണ്ടെന്നും, ഐപിഎസ് മുതൽ താഴെത്തട്ടുവരെ അത്തരം ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്നും പ്രതിനിധികൾ ആരോപിച്ചു. പൊലീസിനെ നിയന്ത്രിക്കാത്തത് സർക്കാരിന് തിരിച്ചടിയാകുമെന്നും, നാട്ടുകാർക്കത് വ്യക്തമായും കാണുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നും, മന്ത്രിമാർക്ക് മാത്രം അത് നേടിയെടുക്കാൻ കഴിയില്ലെന്നും, നേതൃത്വം ഇടപെടണമെന്നുമാണ് പ്രതിനിധികളുടെ ആവശ്യം. കൂടാതെ, ആഗോള അയ്യപ്പ സംഗമവും ലോക കേരള സഭയും ഇടതുപക്ഷ നയവ്യതിയാനത്തിന്റെ ഭാഗമാണെന്നും വിമർശനം ഉയർന്നു. “പൗരപ്രമുഖർ സമ്പന്ന വിഭാഗത്തിന്റെയും പുതിയ കാലത്തെ ജന്മികളുടെയും പ്രതിനിധികളാണ്; ഇടതുപക്ഷം പ്രതിനിധാനം ചെയ്യേണ്ടത് സാധാരണക്കാരെയാണ്” എന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കെ. വിശ്വനാഥന്റെ മകനായ ബിനോയ് വിശ്വം, എഐഎസ്എഫ് പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയതാണ്. എഐഎസ്എഫിന്റെ സംസ്ഥാന-ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യസഭാംഗമായും, എംഎൽഎയായും, 2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Tag: Binoy Viswam re-elected as CPI state secretary