പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം ജോസ് നെല്ലേടം ആണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ കേസ് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകനായ തങ്കച്ചൻ അഗസ്റ്റിൻ നേരത്തെ പ്രതികരിച്ചിരുന്നു. തനിക്കെതിരായ വ്യാജക്കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡി.സി.സി. നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വയനാട്ടിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഇരയാണ് ജോസെന്ന് ബിജെപി ആരോപിച്ചു.
മരണത്തിന് രണ്ട് ദിവസം മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ച ജോസ് നെല്ലേടം, “ജനപ്രതിനിധിയായ നിലയിൽ ലഭിച്ച സന്ദേശം പൊലീസ് കൈമാറുകയായിരുന്നു. നിജസ്ഥിതി കണ്ടെത്തേണ്ടത് പൊലീസിന്റെ ചുമതലയാണ്. സ്‌ഫോടകവസ്തു കേസിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല,” എന്നാണ് പറഞ്ഞത്.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് സമീപം മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആദ്യമുതൽ തന്നെ താൻ നിരപരാധിയാണെന്ന് തങ്കച്ചൻ വ്യക്തമാക്കിയെങ്കിലും പൊലീസ് അത് പരിഗണിച്ചില്ല. അറസ്റ്റ് ചെയ്തതിന് ശേഷം അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടുവരെ പൊലീസ് സ്റ്റേഷനിൽ വച്ചിരുന്നെന്നും തുടർന്ന് മൂന്നരയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു. തങ്കച്ചനെ സബ് ജയിലിലേയ്ക്ക് മാറ്റുകയും പതിനേഴുദിവസം തടവിൽ കഴിഞ്ഞ ശേഷമാണ് ഇക്കഴിഞ്ഞ ഏഴാം തീയതി ജാമ്യത്തിൽ മോചിതനായത്.
Tag: Panchayat member accused in Pulpally fake case found dead