നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും
നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോളയാണ് മരിച്ചത്. കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലിൽ അക്രമികൾ തീ വെച്ചപ്പോൾ, നാലാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജേഷ് വഴുതി വീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ നേപ്പാൾ സൈന്യം ആശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സയ്ക്കിടെ മരിച്ചു.
ഭർത്താവ് രാംവീർ സിംഗ് ഗോള ജനൽ ചില്ല് തകർത്താണ് രക്ഷപ്പെടാൻ കഴിഞ്ഞത്. സെപ്റ്റംബർ 7-ന് പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ദമ്പതികൾ. രാജേഷിന്റെ മൃതദേഹം ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം, നേപ്പാളിലെ ജനകീയ പ്രതിഷേധം ശമനത്തിലേക്ക് നീങ്ങുന്നു. ഇടക്കാല സർക്കാരിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുൻ എംഡി കുൽമൻ ഗിസിങ്, കാഠ്മണ്ഡു മേയർ ബലേൻ ഷാ എന്നിവരാണ് പ്രധാന പരിഗണനയിൽ ഉള്ളത്.
ഇതുവരെ പ്രതിഷേധങ്ങളിൽ 30 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കാഠ്മണ്ഡുവിൽ നിരോധനാജ്ഞ തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാർ തീയിട്ട സുപ്രീംകോടതിയും ബാങ്കുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ത്രിഭുവൻ സർവകലാശാലയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുന്നതായി പ്രസിഡന്റ് രാംചന്ദ്ര പൗഡേൽ അറിയിച്ചു.
Tag: Indian woman among those killed in Nepal riots