ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
52 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ രേഖപ്പെടുത്തിയ 767 വോട്ടുകളിൽ 452 എണ്ണം അദ്ദേഹത്തിനാണ് ലഭിച്ചത്. പാർലമെന്റിലെ ഇരുസഭകളിലുമായി 98.3% പോളിംഗാണ് നടന്നത്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നിരയിൽ നിന്നുമുള്ള 19 എംപിമാർ എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. എൻഡിഎ പരമാവധി 439 വോട്ടുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും, 15 വോട്ടുകൾ അസാധുവായതിനാൽ ഒടുവിൽ 452 വോട്ടുകളാണ് ലഭിച്ചത്.
ഇന്ത്യാ സഖ്യത്തിന് 315 എംപിമാരുണ്ടെങ്കിലും, സ്വതന്ത്രരുടെ പിന്തുണയോടെ 324 വോട്ടുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എതിർ സ്ഥാനാർത്ഥിയും സുപ്രീംകോടതിയിലെ മുൻ ജഡ്ജിയുമായ ജസ്റ്റിസ് സുദർശൻ റെഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് ദക്ഷിണേന്ത്യൻ നേതാക്കൾ നേർക്കുനേർ എത്തിയ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
Tag: C.P. Radhakrishnan sworn in as the 15th Vice President of India