ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മഴ. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.
ഈ മാസത്തെ ആദ്യ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ടത്. എന്നാല്‍, കേരളത്തില്‍ മഴ ദുര്‍ബലമായി തുടരാന്‍ തന്നെയാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയ്ക്ക് ശേഷം ഇടവിട്ട ഒറ്റപ്പെട്ട മഴയില്‍ നേരിയ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 20 ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ അവസാന വാരത്തോടെ മഴ വീണ്ടും ചെറുതായി സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
Tag: Low pressure area forms again in Bay of Bengal; Rain likely in Kerala for next five days