സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലിലും; 4 മരണം, 3 പേരെ കാണാതായി
സിക്കിമിലെ യാങ്താങിൽ ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലിലും നാല് പേർ മരിക്കുകയും മൂന്ന് പേർ കാണാതാകുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ കഴിഞ്ഞ രാത്രി ഉണ്ടായ മണ്ണിടിച്ചിലാണ് ദുരന്തം. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും, പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ വെച്ചും മരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. നിരവധി വീടുകൾ മണ്ണിനടിയിലായി, പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രദേശത്തെ നദി കരകവിഞ്ഞ് വീടുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പൊലീസ് രക്ഷാപ്രവർത്തനം നടത്തുന്നത് മരം കൊണ്ടുണ്ടാക്കിയ താൽക്കാലിക പാലം വഴിയാണ്.
ഈ ആഴ്ചയിൽ മാത്രം സിക്കിമിൽ രണ്ടാമത്തെ വലിയ മണ്ണിടിച്ചിലാണ് ഇത്. ഗ്യാൽഷിങ് ജില്ലയിൽ തിങ്കളാഴ്ച അർദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 45കാരിയായ ഒരു സ്ത്രീ മരിച്ചിരുന്നു. അവളുടെ വീട് പൂർണ്ണമായും തകർന്നിരുന്നു. അതേസമയം, പ്രദേശത്ത് തുടർച്ചയായ മഴ തുടരുകയാണ്.
Tag: Heavy landslides and floods in Sikkim; 4 dead, 3 missing