ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി ഭീഷണിയുണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിയ്ക്ക് സർക്കാർ
ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് അനുമതി നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് നടക്കും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്നു പ്രധാന ബില്ലുകളാണ് യോഗത്തിൽ പരിഗണിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ അവ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാന ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്രനിയമം നിലവിലുണ്ടായതിനാൽ ഇത് പ്രാബല്യത്തിൽ വരുമോ എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. സംസ്ഥാന ഭേദഗതി നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ആക്രമകാരികളായ മൃഗങ്ങളെ “ക്ഷുദ്രജീവി”യായി പ്രഖ്യാപിക്കാനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും.
സ്വകാര്യ ഭൂമിയിലെ ചന്ദനം വനംവകുപ്പിന്റെ മേൽനോട്ടത്തിൽ മുറിച്ചുമാറ്റുന്നതിനുള്ള നിയമഭേദഗതിയും വനം കേസുകൾക്ക് ഒത്തുതീർപ്പ് കോടതി മുഖേന മാത്രം സാധ്യമാകുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയ ബില്ലുകളും സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. കൂടാതെ, ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട ബില്ലും ഇത്തവണത്തെ സമ്മേളനത്തിൽ തന്നെ കൊണ്ടുവരാനാണ് നീക്കം.
Tag: Government to amend law to kill wild animals that constantly enter populated areas and pose a threat