സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു, പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി രണ്ട് ആഴ്ച മുൻപ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നതായി കുടുംബം അറിയിച്ചു.
നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി. ഇതിനൊപ്പം, രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
വേനൽക്കാലമായതിനാൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിരുന്നു. വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വാട്ടർ ടാങ്കുകൾ ചെളികെട്ടാതെ വൃത്തിയാക്കണമെന്നും നിർദേശിച്ചു.
സ്വിമ്മിംഗ് പൂളുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും വെള്ളം നിർബന്ധമായും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി സമ്പർക്കം പുലർത്തിയവർക്ക് കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ഉടൻ തന്നെ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
Tag: One more person confirmed with amoebic encephalitis in the state