വിലക്കയറ്റത്തിൽ കുതിച്ച് കേരളം; എട്ടാം മാസവും രാജ്യത്ത് മുന്നിൽ
രാജ്യത്തൊന്നാകെ പണപ്പെരുപ്പം കുറഞ്ഞു നിൽക്കുമ്പോൾ കേരളത്തിൽ തുടർച്ചയായി ഉയർന്ന് ഇരട്ട അക്കത്തോട് അടുക്കുകയാണ്. കേന്ദ്ര സ്റ്റാസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആഗസ്റ്റിൽ 9.4 ശതമാനമാണ് കേരളത്തിൽ പണപ്പെരുപ്പം. ഗ്രാമങ്ങളിൽ 10.05 ശതമാനവും നഗരങ്ങളിൽ 7.19 ശതമാനവുമാണ്. ജൂലെെയിലിത് യാഥാക്രമം 10.02 ശതമാനവും 7.77 ശതമാനവുമായിരുന്നു. 2025 ജനുവരി മുതൽ പണപ്പെരുപ്പം ഏറ്റവും കൂടതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ഇത് എട്ടാമത്തെ മാസമാണ് കേരളം ഏറ്റവുമുയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായി വരുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ജൂലെെയിൽ 8.89 ശതമാനമായിരുന്നു കേരളത്തിലെ വിലക്കയറ്റത്തോത്. ഇത്തവണ കർണാടകയാണ് കേരളത്തിനു പിന്നിൽ രണ്ടാമത്. 3.81 ശതമാനമാണ്. ജൂലെെയിൽ 2.73 ശതമാനമായിരുന്നു കർണാടകയിൽ നിരക്ക്. ജൂലെെയിൽ കേരളത്തിന് പിന്നാലെ രണ്ടാം സ്ഥാനത്തായിരുന്ന ജമ്മു കശ്മീർ ഇത്തവണ 3.75 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത് വരുന്നത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെ മിക്കവയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നതാണ്. ഇതിനുള്ള ഗതാഗതച്ചിലവും പലതട്ടിലായുള്ള ലാഭമെടുക്കലും എല്ലാം ഉത്പന്നവില ഉയരുന്നതിന് കാരണമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വേതന വ്യവസ്ഥയുള്ള സംസ്ഥാനമായതിനാൽ ഉപഭോഗവും ഉർന്ന നിലയിലാണ്. ഇത് ആവശ്യം ശക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഉയർന്ന സാന്നിധ്യവുംഉപഭോഗം കൂട്ടുന്ന ഘടകമാണ്.
ആഗസ്റ്റിൽ ഡിഫ്ലേഷനുള്ള സംസ്ഥനങ്ങൾ രണ്ടായി ചുരുങ്ങി. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വില കുറഞ്ഞിരിക്കുന്നു. അസം, ഓഡിഷ സംസ്ഥാനങ്ങളിലാണ് പൂജ്യത്തിൽ താഴെ നെഗറ്റീവായി നിൽക്കുന്നത്. രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലും നേരിയ വർധന. ജൂലെെയിലെ 1.61 ശതമാനത്തിൽ നിന്ന് 2.07 ശതമാനമായാണ് ഉപഭോക്തൃ പണപ്പെരുപ്പം ഉയർന്നത്. കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കിന്റെ സ്വാധീനം കുറഞ്ഞതാമ് വർധനയ്ക്ക് കാരണമായത്.
രാജ്യത്തെ കാലവർഷക്കെടുതികൾ മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതും പ്രതിഫലിച്ചിട്ടുണ്ട്. തുടർച്ചയായ ഏഴാംമാസമാണ് പണപ്പെരുപ്പം ആർബിഐ നിശ്ചയിച്ചിട്ടുള്ളതിൽ നിന്ന് നാല് ശതമാനത്തിൽ നിന്ന് താഴുന്നത്. നാല് ശതമാനമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിൽ നിന്ന് രണ്ട് ശതമാനം മുകലിലേക്കോ താഴേക്കോ അനുവദനീയ പരിധിയെന്ന നിലയിലാണ് കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ വിലക്കയറ്റതോത് ജൂലെെയിലെ 1.18 ശതമാനത്തിൽ നിന്ന് 2.47 ശതമാനമായും കൂടി. ജൂലെെയിൽ പ്രാഥമികമായി 1.55 ശതമാനം പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം കണക്കാക്കിയിരുന്നതെങ്കിലും അന്തിമകണക്കിലിത് 1.61 ശതമാനമായി പുനർനിർണയിക്കുകയായിരുന്നു. ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ പകുതിയിലധികം ഭക്ഷ്യവിലക്കയറ്റതോതുിന്റെ വിഹിതമാണ്.
Tag: Kerala leads the country in price hikes for the eighth month in a row