ഗ്രാഫീൻ പ്ലാൻ്റ്;പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി
സർക്കാർ അഭിമാനമായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി

പാലക്കാട്: സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച ഗ്രാഫീൻ പ്രീ പ്രൊഡ ക്ഷൻ പ്ലാന്റിന്റെ നിർമാണ നടപടികൾ ഒന്നുമായില്ല. പൊതു- സ്വകാര്യ പങ്കാളിത്ത രീതിയിൽ കേരള ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം കിൻഫ്ര ഡിഫൻസ് പാർക്കിൽ പ്ലാന്റ്റ് നിർമിക്കുമെന്നു കഴിഞ്ഞ ബജറ്റിലാണു പ്രഖ്യാപിച്ചിരിക്കുന്നത്.
കിഫ്ബിയിൽ നിന്നു ഫണ്ട് സ്വരൂപിക്കാനാണു തീരുമാനിച്ചതെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല ഡിജിറ്റൽ സർവകലാശാലയിലെ പ്രശ്നങ്ങളും പദ്ധതിയെ ബാധിച്ചു. 227 കോടി രൂപയാണു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിൽ വ്യവസായ, ഐടി വകുപ്പുകളുടെയും കിൻഫ്രയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രാഫീൻ പ്ലാൻ്റിനായി പ്രത്യേക ഭരണ സമിതി രൂപീകരിക്കാനാണു തീരുമാനിച്ചതെങ്കിലും അതുണ്ടായില്ല.
ഡിഫൻസ് പാർക്കിലെ കോമൺ ഫെസിലിറ്റി സെന്ററിൽ55,000 ചതുരശ്ര അടി സ്ഥലം പദ്ധതിക്കായി നീക്കിവച്ചു ധാരണാ പത്രം ഒപ്പിട്ടതു മാത്രമാണ് ഇതുവരെയുണ്ടായ പുരോഗതി. പക്ഷേ, നീക്കിവച്ച ഭൂമിയുടെ പാട്ടത്തുക സംബന്ധിച്ചും വ്യക്തതയില്ല. ഭാവി വികസനത്തിനു 10 ഏക്കർ ഭൂമി കുടി ഡിഫൻസ് പാർക്കിൽ നീക്കി വയ്ക്കണമെന്ന തീരുമാനത്തിലും നടപടിയായിട്ടില്ല.ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീൻ ഉൽപന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.
TAG:Graphene plant; limited to just the announcement.