പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ്റെ എ.ഐ. വീഡിയോ; പരാതി നൽകി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ്റെ എ.ഐ. വീഡിയോയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം ശക്തമാകുന്നു. വീഡിയോ സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസിനെതിരെ പരാതി നൽകി. ബിജെപി പ്രവർത്തകനായ സങ്കേത് ഗുപ്തയാണ് പരാതി സമർപ്പിച്ചത്. വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണെന്നും ബിജെപി അറിയിച്ചു.
ബിഹാർ കോൺഗ്രസ് പുറത്തിറക്കിയ വീഡിയോയിൽ, മോദിയുടെ അമ്മ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു വോട്ട് തേടാൻ തന്റെ പേരും പ്രതാപവും ഉപയോഗിക്കരുതെന്ന് മകനോട് അപേക്ഷിക്കുന്ന തരത്തിലാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തുടർന്ന് അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ മോദി ഉണരുന്നതാണ് വീഡിയോയുടെ ക്ലൈമാക്സ്. “സാഹിബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു. ഈ രസകരമായ സംഭാഷണം കാണുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന “വോട്ടർ അധികാർ യാത്ര”യിൽ തന്നെക്കും അമ്മയ്ക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉയർന്നതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾക്കാണ് പിന്താങ്ങുന്നതെന്ന് ബിജെപി ആരോപിച്ചു. “ഈ വീഡിയോ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ആസൂത്രണം ചെയ്തത്. പ്രധാനമന്ത്രിയുടെ പരേതയായ അമ്മയെ പരിഹസിക്കുന്നതു കോൺഗ്രസിന്റെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ തെളിവാണ്. സ്ത്രീകളോട് പാർട്ടിക്ക് ബഹുമാനമില്ല,” എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി തന്റെ എക്സ് പോസ്റ്റിൽ പ്രതികരിച്ചു.
Tag: BJP files complaint over AI video of PM’s mother Heeraben