ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന നിയമഭേദഗതിക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അതിവേഗ അനുമതി നൽകുന്ന നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ നിയമം പ്രാബല്യത്തിൽ വരാൻ രാഷ്ട്രപതിയുടെ അനുമതി നിർബന്ധമാണെന്നതാണ് വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മലയോര ജനങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വന്യമൃഗാക്രമണങ്ങൾ തുടർച്ചയായുണ്ടാകുന്ന മലയോരങ്ങളിൽ ജനരോഷം ശക്തമായിരിക്കെയാണ് നിയമഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത്. പുതിയ വ്യവസ്ഥപ്രകാരം, ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉടൻ ഉത്തരവിടാം. ഇതിന് കലക്ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ ശുപാർശ മാത്രം മതിയാകും. മൃഗത്തെ വെടിവെച്ച് കൊല്ലുകയോ, മയക്കുവെടി പ്രയോഗിക്കുകയോ ചെയ്യാം.
നിലവിൽ ഇത്തരം ഉത്തരവുകൾ നൽകാൻ ഏറെ നടപടിക്രമങ്ങളാണ് ആവശ്യമായിരുന്നത്. ആദ്യം മൃഗത്തെ കാട്ടിലേക്ക് തിരിച്ചയിക്കാൻ ശ്രമിക്കണം; അത് പരാജയപ്പെട്ടാൽ മാത്രം വെടിവെക്കൽ അവസാന മാർഗമാകും. ആറംഗ വിദഗ്ധ സമിതിയുടെ അനുമതി, ലക്ഷ്യമിടുന്ന മൃഗത്തിന്റെ ഫോട്ടോ, കടുവയാണെങ്കിൽ നരഭോജിയാണെന്ന് വ്യക്തമായ തെളിവ് തുടങ്ങിയവ നിർബന്ധമായിരുന്നു.
കേന്ദ്രനിയമത്തിൽ ഭേദഗതി നിർദ്ദേശിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെങ്കിലും, അത് പ്രാബല്യത്തിൽ വരാൻ ആദ്യം ഗവർണറുടെയും തുടർന്ന് രാഷ്ട്രപതിയുടെയും അംഗീകാരം വേണം.
Tag: State government approves amendment to law allowing killing of aggressive animals that enter populated areas