”മണിപ്പൂരിലെ കുന്നുകൾ അധ്വാനത്തിന്റെയും സാഹസത്തിന്റെയും പ്രതീകം”; സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
മണിപ്പൂരിലെ കുന്നുകൾ അധ്വാനത്തിന്റെയും സാഹസത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചയ്ക്ക് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി, മഴ കാരണം ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി റോഡ് മാർഗം വഴി ചുരാചന്ദ്പൂരിൽ എത്തി. ഇവിടെ കുട്ടികളുമായി സംവദിക്കുകയും, കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ ജനങ്ങൾ ത്രിവർണ്ണ പതാകകളുമായി അദ്ദേഹത്തെ ആവേശത്തോടെ വരവേറ്റു.
120 സ്കൂളുകളും കോളേജുകളും സ്പോർട്സ് കോംപ്ലക്സും ഉൾപ്പെടെയുള്ള പദ്ധതികളുടെയും, ഏകദേശം 7,000 കോടി രൂപയുടെ വികസന പരിപാടികളുടെയും ഉദ്ഘാടനം മോദി നിർവഹിച്ചു. മണിപ്പൂരിന്റെ ഗതാഗത അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക മുൻഗണനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇംഫാലിനെ ദേശീയ റെയിൽവേ പാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും, കലാപത്തിൽ ബാധിതരായവർക്കായി 7,000 വീടുകൾ പണിയും. ഇതിനായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും മോദി അറിയിച്ചു.
“ഈ മണ്ണ് അക്രമത്തിന്റെ പിടിയിലായപ്പോൾ അനേകർ ദുരിതമനുഭവിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരുമായി നടത്തിയ സംഭാഷണങ്ങൾക്കു ശേഷം സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ സമുദായങ്ങളുമായും സംവാദം നടക്കുന്നത് സന്തോഷകരമാണ്,” എന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ആശങ്കകൾക്ക് പരിഹാരവും വികസനത്തിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. മണിപ്പൂരിലെ ജനങ്ങളുടെ കൂടെയുണ്ടാകുകയും, പലായനം ചെയ്യപ്പെട്ടവർക്ക് സർക്കാർ ആവശ്യമായ സഹായം നൽകുകയും ചെയ്യുമെന്ന് മോദി കൂട്ടിച്ചേർത്തു.
Tag: PM inaugurates various development projects in the state