“ചാർലിയുടെ ദൗത്യം ഞാൻ തുടരും”; ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക്
ഡൊണാൾഡ് ട്രംപിന്റെ അനുയായിയും വലതുപക്ഷ പ്രവർത്തകനുമായ ചാർലി കിർക്ക് കൊല്ലപ്പെട്ടതിന് ശേഷം, ഭാര്യ എറിക്ക കിർക്ക് ആദ്യമായി പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ച യൂട്ടാ വാലി സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ ചാർലി കിർക്ക് വെടിയേറ്റു മരിക്കുകയായിരുന്നു. ഭർത്താവിന്റെ പോഡ്കാസ്റ്റ് സ്റ്റുഡിയോയിൽ നിന്നായിരുന്നു എറിക്കയുടെ ആദ്യ പ്രതികരണം.
“ചാർലി എന്നെയും കുട്ടികളെയും വളരെയധികം സ്നേഹിച്ചു. കൊലയാളിയെ പിടികൂടാൻ അഹോരാത്രം പരിശ്രമിച്ച നിയമപാലകരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ ഉള്ളിൽ കൊലയാളി കത്തിച്ച തീയുടെ വേദന അയാൾക്ക് ഒരിക്കലും മനസ്സിലാകില്ല,” – കണ്ണീരോടെയാണ് എറിക്ക പറഞ്ഞത്.
അമേരിക്കയെ നടുക്കിയ കൊലപാതകത്തിലെ പ്രതി ടെയ്‌ലർ റോബിൻസൺ പിടിയിലായതായി യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
“ചാർലിയുടെ ദൗത്യം ഞാൻ തുടരും. ഭർത്താവിന്റെ ക്യാമ്പസ് ടൂറുകളും റേഡിയോ ഷോകളും പോഡ്കാസ്റ്റും ഇനി ഞാൻ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം ഒരിക്കലും നശിപ്പിക്കാനാവില്ല. ഈ കലാപവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, ചാർലിയുടെ ശബ്ദം ഞാൻ നിലനിർത്തും,” – എറിക്ക ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ചാർലിയുടെ ക്രിസ്തീയ മൂല്യങ്ങൾ ഓർമ്മിപ്പിക്കും, ഞാൻ ഏറ്റെടുത്ത പോരാട്ടം രാഷ്ട്രീയമല്ല; അത് ആത്മീയമാണ്” എന്നും കൂട്ടിച്ചേർത്തു. പ്രതിയുടെ പേര് (ടെയ്‌ലർ റോബിൻസൺ) പ്രസംഗത്തിൽ പരാമർശിക്കാതെ പോയതും ശ്രദ്ധേയമായി.
2021-ൽ വിവാഹിതരായ ചാർലിക്കും എറിക്കയ്ക്കും മൂന്നു വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. “മകൾ വീണ്ടും വീണ്ടും പിതാവിനെക്കുറിച്ച് ചോദിക്കുന്നു… അത് എനിക്ക് താങ്ങാനാവാത്ത വേദനയാണ്,” – കണ്ണുനിറച്ച് എറിക്ക പങ്കുവച്ചു.
Tag: “I will continue Charlie’s mission”; Charlie Kirk’s wife Erica Kirk