വയനാട് മുൻ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വയനാട് മുൻ ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് അവർ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം. ഇതിന് പിന്നാലെയാണ് പത്മജ ആത്മഹത്യാശ്രമത്തിലേർപ്പെട്ടത്. “കൊലയാളി കോൺഗ്രസേ, നിനക്കിക്കാ ഒരു ഇര കൂടി” എന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് അവർ ജീവൻ ഒടുക്കാൻ ശ്രമിച്ചത്.
കൈയുടെ ഞരമ്പ് മുറിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം. 2024 ഡിസംബർ 25-ന് എൻ.എം. വിജയനും മകൻ ജിജേഷും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 27-നാണ് ഇരുവരും മരിച്ചത്. തുടർന്ന് പുറത്തുവന്ന വിജയന്റെ ആത്മഹത്യാ കുറിപ്പും ബന്ധപ്പെട്ട തെളിവുകളും വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
വിജയന്റെയും മകന്റെയും മരണത്തിന് ശേഷം കോൺഗ്രസ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. കുടുംബത്തിന് 20 ലക്ഷം രൂപ നൽകി. കൂടാതെ പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന വിജയന്റെ ബാധ്യതകൾ 2025 ജൂൺ 30-നകം തീർക്കാമെന്ന ധാരണയും ഉണ്ടായിരുന്നുവെങ്കിലും അത് നടപ്പിലായില്ലെന്നാണ് പത്മജയുടെ ആരോപണം.
കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖും കോൺഗ്രസ് നേതൃത്വവും വാഗ്ദാനങ്ങൾ പാലിക്കാതെ പറ്റിച്ചുവെന്നാണ് പത്മജയുടെ പ്രധാന ആരോപണം. ഭർത്താവ് വിജേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ബിൽ അടയ്ക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകിയെങ്കിലും പണം നൽകിയില്ലെന്നും, പിന്നീട് ഫോൺ വിളിച്ചപ്പോൾ പോലും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു. തുടർന്ന് പിവി അൻവർ ഇടപെട്ടതിനെ തുടർന്ന് മാത്രമാണ് ആശുപത്രി ഡിസ്ചാർജ് ലഭിച്ചതെന്നും പത്മജ ആരോപിച്ചു.
കൂടാതെ, ആശുപത്രിയിൽ നിന്ന് മടങ്ങിയതിന് ശേഷം ധാരണാപത്രം വാങ്ങാൻ അഭിഭാഷകന്റെ ഓഫീസിലെത്തിയപ്പോൾ, കെപിസിസി പ്രസിഡന്റ് പഠിക്കാനായി എടുത്തു കൊണ്ടുപോയി എന്ന് എം.എൽ.എ അറിയിച്ചു. എന്നാൽ, അത് അവരുടെ അറിവില്ലാതെ എം.എൽ.എയുടെ പി.എ എടുത്തു കൊണ്ടുപോയതാണെന്നും, “വെള്ളയും വെള്ളയും ഇട്ട് നടക്കുന്നവർ കള്ളന്മാരാണ്” എന്ന് വരെ പത്മജ പ്രതികരിച്ചു. “കോൺഗ്രസിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു,” എന്നാണ് അവരുടെ വാക്കുകൾ.
Tag: Wayanad former DCC Treasurer N.M. Vijayan’s daughter-in-law Padmaja attempted suicide