രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ കുടുംബവാഴ്ച ശക്തമായി നിലനിൽക്കുന്നുവെന്ന് എഡിആർ റിപ്പോർട്ട്
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ കുടുംബവാഴ്ച ശക്തമായി നിലനിൽക്കുന്നുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്സഭ, സംസ്ഥാന നിയമസഭ, നിയമസഭ കൗൺസിൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം, ജനപ്രതിനിധികളിൽ ഏകദേശം അഞ്ചിൽ ഒരാൾക്ക് രാഷ്ട്രീയത്തിൽ കുടുംബപശ്ചാത്തലമുണ്ടെന്നാണ് കണ്ടെത്തൽ. മൊത്തം 5,024 ജനപ്രതിനിധികളുടെ വിവരങ്ങളാണ് പഠനത്തിനെടുത്തത്.
എ.ഡി.ആറും നാഷണൽ ഇലക്ഷൻ വാച്ചും ചേർന്ന് നടത്തിയ വിശകലനത്തിൽ, 3,214 സിറ്റിങ് എം.പി.മാരിൽ 1,107 പേർക്ക് (21%) കുടുംബ രാഷ്ട്രീയപശ്ചാത്തലം ഉണ്ട്. ലോക്സഭയിലാണ് ഇത്തരം പ്രതിനിധികളുടെ വിഹിതം ഏറ്റവും കൂടുതൽ—31 ശതമാനം. സംസ്ഥാന നിയമസഭകളിൽ ഇത് 20%, രാജ്യസഭയിൽ 21%, സംസ്ഥാന നിയമസഭ കൗൺസിലിൽ 22% എന്നിങ്ങനെയാണ് കണക്കുകൾ.
ദേശീയ പാർട്ടികളിലെ പ്രതിനിധികളിൽ 657 പേർക്ക് (20%) കുടുംബ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. കോൺഗ്രസിലാണ് ഇത്തരം നേതാക്കളുടെ വിഹിതം ഏറ്റവും കൂടുതലായത്—32 ശതമാനം. ബി.ജെ.പി.യിൽ 18 ശതമാനം, സി.പി.ഐ.എം.യിൽ വെറും 8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനതലത്തിൽ, ഉത്തർപ്രദേശിലാണ് കുടുംബവാഴ്ചയിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം ഏറ്റവും കൂടുതൽ—141 പേർ (23%). തുടർന്ന് മഹാരാഷ്ട്ര 129 (32%), ബിഹാർ 96 (27%), കർണാടക 94 (29%), ആന്ധ്രപ്രദേശ് 86 (34%) എന്നിവയാണ് മുന്നിലെത്തുന്നത്. അതേസമയം അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുടുംബപശ്ചാത്തലമുള്ളവർ വെറും 9% മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു.
ലിംഗാടിസ്ഥാനത്തിൽ നോക്കുമ്പോൾ, 4,665 പുരുഷ ജനപ്രതിനിധികളിൽ 856 പേർക്കും (18%), 539 സ്ത്രീകളിൽ 251 പേർക്കും (47%) കുടുംബരാഷ്ട്രീയ പശ്ചാത്തലമുണ്ട്. സ്ത്രീകളിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവരിൽ കുടുംബപാരമ്പര്യത്തിന്റെ സ്വാധീനം കൂടുതൽ ശക്തമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കുടുംബ രാഷ്ട്രീയം ദൃഢമായി വേരൂന്നിയിരിക്കുമ്പോൾ, കിഴക്കൻ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ബിഹാറിൽ 27 ശതമാനവും അസമിൽ വെറും 9 ശതമാനവുമാണ് കുടുംബ പശ്ചാത്തലം ഉള്ളവർ.
Tag: ADR report finds strong family rule among elected representatives in the country