പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ച സംഭവം; യുവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട കോയിപ്രം ആന്താലിമണിൽ രണ്ട് യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ച സംഭവത്തിൽ യുവദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചരൽക്കുന്ന് സ്വദേശിയായ ജയേഷിനെയും ഭാര്യ രശ്മിയെയുമാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ഹണിട്രാപ്പിൽപ്പെട്ടത്.
പോലീസിന്റെ വിവരമനുസരിച്ച്, ഇരുവരും നേരിട്ട പീഡനം മനുഷ്യ മനസാക്ഷിയെ നടുക്കുന്നതായിരുന്നു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിനുകൾ അടിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതായി നടിച്ച് വീഡിയോ പകർത്തിയ ശേഷമാണ് ആക്രമണങ്ങൾ നടന്നതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായ മർദനം തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുവാവിനെ വിവസ്ത്രനാക്കി കട്ടിലിൽ കിടത്തി കൈകൾ കെട്ടിയിട്ട്, കഴുത്തിൽ വാക്കത്തി വെച്ച് നെഞ്ചിലും കഴുത്തിലും കാലിലും ചവിട്ടുകയും ചെയ്തു. കമ്പിവടി ഉപയോഗിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിക്കുകയും കരഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൈകളിൽ കയർ കെട്ടിയ ശേഷം വീടിനുള്ളിൽ കെട്ടിത്തൂക്കി, കട്ടിംഗ് പ്ലയേഴ്സ് കൊണ്ട് വിരലുകളിൽ അമർത്തി വേദനിപ്പിച്ചതായും എഫ്.ഐ.ആറിൽ ഉണ്ട്. സംഭവത്തിൽ യുവാക്കളിൽ നിന്ന് പണവും ഐഫോണും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളായ ദമ്പതികൾ മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവരാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
Tag: Incident of youths being trapped in a honey trap and brutally beaten in Pathanamthitta; Police arrest young couple