ബോംബെയിലെ ഹൈക്കോടതിയിലേക്ക് ബോംബ് ഭീഷണി മുഴക്കിയ വ്യാജ ഇമെയിൽ അയച്ച സംഭവം; അജ്ഞാതനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
ബോംബെയിലെ ഹൈക്കോടതിയിലേക്ക് ബോംബ് ഭീഷണി മുഴക്കിയ വ്യാജ ഇമെയിൽ അയച്ച സംഭവത്തിൽ ആസാദ് മൈതാൻ പൊലീസ് അജ്ഞാതനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പൊതുജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനാണ് ഭാരതീയ ന്യായസംഹിതയുടെ സെക്ഷൻ 353(1), 353(2) പ്രകാരം കേസ് എടുത്തിരിക്കുന്നത്. ഡൽഹിയിൽ സമാന ഭീഷണി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്കകം നടന്ന സംഭവമാണിത്.
പോലീസിന്റെ വിവരമനുസരിച്ച്, ഇമെയിലിൽ ഹൈക്കോടതി പരിസരത്ത് സ്ഫോടനം ഉണ്ടാകുമെന്ന് അവകാശപ്പെട്ടിരുന്നു. തുടർന്ന്, മുൻകരുതലിന്റെ ഭാഗമായി കോടതിയിലെ എല്ലാ വാദം കേൾക്കലുകളും രണ്ട് മണിക്കൂറോളം നിർത്തിവച്ചു. മുഴുവൻ കെട്ടിടവും ഒഴിപ്പിക്കുകയും ജീവനക്കാർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവർ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് സമഗ്ര പരിശോധന നടത്തിയെങ്കിലും യാതൊരു സ്ഫോടകവസ്തുക്കളും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇമെയിൽ അയച്ച വ്യക്തിയുടെ ഐ.പി വിലാസവും സ്ഥലവും കണ്ടെത്താൻ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ പിന്നാലെ ഹൈക്കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. പരിശോധന പൂർത്തിയായ ശേഷം ആളുകളെ കെട്ടിടത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും കോടതി നടപടികൾ പുനരാരംഭിക്കുകയും ചെയ്തു.
Tag: Bombay High Court receives fake email containing bomb threat; FIR registered against unknown person