”പോലീസ് അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കും”; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പോലീസ് അതിക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്നും ജനങ്ങളുടെ വേണ്ടി സഭയിൽ ശക്തമായ പ്രതിരോധം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂട്ടായ നടപടിയെടുത്തതായും, ബലാത്സംഗ കേസിലെ പ്രതി ഭരണപക്ഷത്തിരിപ്പുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. “യുവാക്കളെ തുടർന്നും പിന്തുണക്കും. തെറ്റു ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. എനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണം മുഴുവനും വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. പാർട്ടി പൂർണ്ണ പിന്തുണ നൽകുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ നാളെ ആരംഭിക്കുന്ന പതിനാലാം നിയമസഭാ സമ്മേളനം രാഷ്ട്രീയ വിവാദങ്ങളാൽ നിറഞ്ഞുനിൽക്കാനാണ് സാധ്യത. സാധാരണ സമ്മേളനത്തിന്റെ തുടക്കത്തിൽ വിഷയങ്ങൾ കൂടുതലും പ്രതിപക്ഷം ഉയർത്താറുള്ളപ്പോൾ, ഇത്തവണ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മിൽ ആക്രമണ-പ്രതിരോധ സാധ്യതകൾ ഒരുപോലെ തന്നെയാണ്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ഭരണപക്ഷത്തിന് തുറുപ്പ് ചീട്ട് ലഭിക്കുമ്പോൾ, കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദ്ദിച്ചതടക്കം നിരവധി പൊലീസ് അതിക്രമങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം സർക്കാരിനെ വെല്ലുവിളിക്കും. പൊലീസ് നടപടി സംബന്ധിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. അയ്യപ്പ സംഗമം, തൃശൂർ ശബ്ദരേഖ വിവാദം എന്നിവയും സഭയിൽ ചർച്ചയായി ഉയരുമെന്നാണ് സൂചന. കൂടാതെ, അക്രമകാരിയായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾക്കും സഭ വേദിയാകും.
Tag: We will answer the Chief Minister in the Assembly regarding police atrocities”; Opposition Leader V.D. Satheesan