നടി റിനി ആൻ ജോർജിനെതിരായ സൈബർ ആക്രമണ പരാതിയിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി
നടി റിനി ആൻ ജോർജിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടന്ന അധിക്ഷേപപ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി നിർദേശിച്ചു. ആരോപണവിധേയരായ വ്യക്തികൾക്കെതിരെ പ്രത്യേകമായി കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്താവുന്ന കുറ്റങ്ങൾ പരാതിയിൽ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യേണ്ടത് ഏത് സ്റ്റേഷനിലാണെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ റിനി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ആക്രമണം ശക്തമായത്. രാഹുല്‍ ഈശ്വര്‍, ഷാജന് സ്കറിയ, ക്രൈം നന്ദകുമാർ എന്നിവർക്കെതിരെയാണ് റിനി പരാതി നൽകിയിരിക്കുന്നത്.
യുവ നേതാവിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് ശേഷം തന്നെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് റിനി മുഖ്യമന്ത്രിക്കും, എറണാകുളം റൂറൽ എസ്പിക്കും, മുനമ്പം ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും സഹിതമായിരുന്നു പരാതി. മോശക്കാരിയായി ചിത്രീകരിക്കാൻ അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് റിനി പരാതിയിൽ ചൂണ്ടിക്കാട്ടി.
“പൊള്ളേണ്ടവർക്ക് പൊള്ളി, അതാണ് എന്റെ നേരെ നടക്കുന്ന പെയ്ഡ് സൈബർ ആക്രമണത്തിന് പിന്നിൽ,” എന്നും റിനി വ്യക്തമാക്കി. നേരിട്ട് ആക്രമിക്കുന്നവരെ മാത്രം അല്ല, പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. “ഇത് എന്റെ മാത്രം പ്രശ്നമല്ല, എന്റെ സുഹൃത്തുക്കളുടെ സ്വകാര്യതയെയും ബാധിക്കുന്നു,” എന്നും റിനി കൂട്ടിച്ചേർത്തു.
Tag: DGP demands strict action on cyber attack complaint against actress Rini Ann George