കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം; വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. അദ്ദേഹത്തെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. തൃശൂരിലെ മുള്ളൂർക്കാരിൽ കെഎസ്‌യു–എസ്എഫ്ഐ പ്രവർത്തകരുടെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ കെഎസ്‌യു പ്രവർത്തകരുടെ മുഖത്ത് കറുത്ത തുണി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ഷാജഹാനെതിരെ നേരത്തെ ഷോകോസ് നോട്ടീസ് നൽകിയിരുന്നു.
വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷോകോസ് നോട്ടീസ് അയച്ചത്. വിദ്യാർത്ഥികളെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയതിന് കോടതി കടുത്ത പ്രതികരണം രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ വിദ്യാർത്ഥികളടക്കമുള്ളവരെ എന്തിനാണ് കറുത്ത മാസ്‌കും കൈവിലങ്ങും ധരിപ്പിച്ച് കൊണ്ടുവന്നതെന്ന് കോടതി ചോദിച്ചിരുന്നു.
കെഎസ്‌യു പ്രവർത്തകരെ ഇങ്ങനെ ഹാജരാക്കിയ സംഭവം വലിയ വിവാദമായിരുന്നു. സാധാരണയായി കൊടുംകുറ്റവാളികളെയും ഭീകരവാദികളെയും മാത്രമാണ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിക്കാറുള്ളത് എന്ന ചൂണ്ടിക്കാട്ടലോടെ കെഎസ്‌യു ശക്തമായ പ്രതിഷേധം നടത്തി. പോലീസ് കസ്റ്റഡി മർദ്ദനങ്ങൾക്കെതിരായ പ്രതിഷേധം സംസ്ഥാനത്ത് ഉയരുന്ന സമയത്താണ് ഈ സംഭവം നടന്നത്.
Tag: Incident where KSU activists were presented in court wearing masks; Vadakkancherry CI Shajahan transferred