യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല
പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമൺ സ്വദേശി ജയേഷും ഭാര്യ രശ്മിയും പോലീസ് ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുങ്ങിയത്. കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്തെന്നത് വ്യക്തമാകാത്തതിനാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഉടൻ അപേക്ഷ സമർപ്പിക്കും. ഇതിനൊപ്പം മർദ്ദനമേറ്റ് രക്ഷപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിലാണ് ജയേഷ് യുവാക്കളെ കുടുക്കാൻ തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. ഹണിട്രാപ്പ് രീതിയിൽ ഭാര്യ രശ്മിയെ ഉപയോഗിച്ച് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ക്രൂരമായി മർദ്ദിക്കുകയും മാനസിക പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിക്കുന്നതിൽ നിന്നും പ്ലെയർ ഉപയോഗിച്ച് നഖം പറിക്കലുവരെയുള്ള ക്രൂരതകളായിരുന്നു സംഭവിച്ചത്. ജയേഷിന്റെ നിർദ്ദേശപ്രകാരം രശ്മിയാണ് പല പീഡനങ്ങളും നേരിട്ട് നടത്തിയതെന്ന് പോലീസ് പറയുന്നു.
ജയേഷിനൊപ്പം മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നവരാണ് ഇരയായ ആലപ്പുഴ സ്വദേശിയും, അയാളുടെ ബന്ധുവായ റാന്നി സ്വദേശിയും. രശ്മിയുമായി ഫോൺചാറ്റുകൾ നടന്നതും, ചില ചിത്രങ്ങളും വീഡിയോകളും ജയേഷ് കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. തുടർന്ന് പ്രതികാരത്തിനായി യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെ വിളിച്ച് മർദ്ദിച്ചശേഷം വഴിയിലേക്കെറിഞ്ഞു. തുടർന്ന് തിരുവോണദിവസം റാന്നി സ്വദേശിയെയും വീട്ടിലേക്ക് വിളിച്ച് അതിലും ക്രൂരമായി പീഡിപ്പിച്ചു.
റാന്നി സ്വദേശിയുടെ മൊഴിപ്രകാരം, സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ജയേഷ് പിന്നീട് കഴുത്തിൽ കത്തി വെച്ച് വിവസ്ത്രനാക്കി, ഭാര്യക്കൊപ്പം കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചു. നഗ്നദൃശ്യങ്ങൾ പകർത്തിയതിന് ശേഷം കെട്ടിയിട്ട് തൂക്കി, സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിപ്പിക്കുകയും ചെയ്തു.
യുവാക്കൾക്കെതിരെ ഉന്നയിച്ച അവിഹിതബന്ധ ആരോപണം ഇരുവരും നിഷേധിക്കുന്നു. “ആഭിചാര ശൈലിയിൽ” പലവിധ ക്രൂരതകളും നടത്തിയാണ് ദമ്പതികൾ പീഡിപ്പിച്ചതെന്ന് ഇരകൾ പൊലീസിനോട് പറഞ്ഞു. ആദ്യം തെറ്റായ മൊഴി നൽകാൻ കാരണമായത് നഗ്നദൃശ്യങ്ങൾ പുറത്തുവരുമെന്ന ഭീതിയാണെന്നും അവർ വ്യക്തമാക്കി.
ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിൽ രഹസ്യ ഫോൾഡറിലാക്കി സൂക്ഷിച്ചതായി കണ്ടെത്തി. അവയെ പൂർണ്ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക പോലീസ് സംഘം. അതേസമയം, മർദ്ദനം നടന്ന വീട് പോലീസ് സീൽ ചെയ്തു.
Tag: Youth brutally beaten in psycho model case; Accused not cooperating with investigation