നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ രാഹുൽ ഈശ്വർ പരാതി നൽകി
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ പേര് പറയാതെ ആരോപണമുയർത്തിയ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ രാഹുൽ ഈശ്വർ പരാതി നൽകി. തനിക്കെതിരെ വ്യാജ കേസ് ഉണ്ടാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിയ്ക്കാണ് പരാതി സമർപ്പിച്ചത്.
ബഹുമാനത്തോടെ തന്നെ റിനിയോട് പെരുമാറിയതാണെന്നും, തനിക്കെതിരെ നടക്കുന്ന നീക്കങ്ങൾ സാമൂഹിക വിമർശകനായ തന്നെ കുടുക്കാനാണെന്നും രാഹുൽ പരാതിയിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്ത് എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടോയെന്ന ചോദ്യമാണ് താൻ ഉന്നയിച്ചതെന്നും, റിനി പൊതുവേദിയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യാതൊരു പരാതി ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സൈബർ ആക്രമണത്തിനെതിരെ റിനി നൽകിയ പരാതിയിൽ കേസെടുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് റിനി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെ റിനി പരാതി ഉന്നയിച്ചിട്ടുണ്ട്.
യുവ നേതാവിനെതിരെ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ റിനി സൈബർ ആക്രമണത്തിന് ഇരയായിരുന്നുവെന്ന് പറയുന്നു. യുവ നേതാവിനെതിരെ നിയമ നടപടിയിലേക്ക് പോകുന്നില്ലെന്ന് നേരത്തെ റിനി വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ ഏത് രംഗത്തേക്ക് കടന്നാലും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് താൻ ചൂണ്ടിക്കാണിക്കുന്നതെന്നും, നിയമ വഴികളിലേക്ക് പോകാത്തത് വിഷയങ്ങൾ അടച്ചുപൂട്ടലല്ലെന്നും, പോരാട്ടം തുടരുമെന്നും അവർ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും ഇല്ലാതാകുന്നവയല്ല, അത് യഥാർത്ഥമാണെന്നും റിനി കൂട്ടിച്ചേർത്തു.
Tag: Rahul Easwar files complaint against actress and former journalist Rini Ann George