കിളിമാനൂരിൽ വയോധികൻ വാഹനാപകടത്തിൽ മരിച്ച സംഭവം; പാറശ്ശാല എസ്‌എച്ച്‌ഒ അനിൽകുമാർ ഒളിവിൽ, റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
കിളിമാനൂരിൽ വയോധികൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പാറശ്ശാല എസ്‌എച്ച്‌ഒ അനിൽകുമാറിനെ പ്രതിയാക്കി. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതും, പിന്നാലെ നിർത്താതെ പോയതുമാണ് അദ്ദേഹത്തിന്‍റെ മേൽ ചുമത്തിയ കുറ്റം. ഇന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽ തയ്യാറാക്കിയ റിപ്പോർട്ട് ആറ്റിങ്ങൽ കോടതിയിൽ സമർപ്പിക്കും. അനിൽകുമാറിനെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും നടപടി സ്വീകരിക്കുന്നു. ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തതോടെ അനിൽകുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് സമർപ്പിക്കാനാണ് ശ്രമം.
കഴിഞ്ഞ ഏഴാം തീയതിയിലാണ് അനിൽകുമാറിന്‍റെ കാർ ഇടിച്ച് ചേണിക്കുഴി സ്വദേശിയായ രാജൻ മരിച്ചത്. തുടർന്ന് റൂറൽ എസ്.പി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ദക്ഷിണമേഖല ഐജിയ്ക്ക് ശുപാർശ നൽകിയിരുന്നു.
സംഭവത്തിൽ അനിൽകുമാർ നേരത്തെ തന്നെ വാഹനം ഇടിച്ചതായി സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്‍റെ വശത്തേക്ക് ഇടിച്ചുവീണതായും, പിന്നീട് എഴുന്നേറ്റ് നടന്നുപോയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബി.എൻ.എസ്. പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിന്‍റെ മേൽ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച അനുമതിയില്ലാതെ സ്റ്റേഷൻ വിട്ട് തട്ടത്തുമലയിലെ വീട്ടിൽ പോയതാണ് വിവാദത്തിന് കാരണമായത്. അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ പോയതും ഗുരുതരമായ പിഴവായി രേഖപ്പെടുത്തി. അപകടത്തിൽ പെട്ട അനിൽകുമാറിന്‍റെ കാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിന്റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‌പി മഞ്ജുലാൽക്കാണ് ഏൽപ്പിച്ചിരിക്കുന്നത്. സംഭവം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു.
Tag: Elderly man dies in car accident in Kilimanoor; Parassala SHO Anil Kumar absconding, report to be submitted to court today