generalkeralaKerala NewsLatest NewsNews

മുഖ്യമന്ത്രിയുടെ പഴയ പോലീസ് മർദ്ദന പ്രസംഗം ഓര്‍മിപ്പിച്ച് റോജി;രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന പെരുമാറ്റം

പീച്ചിയിലെ മര്‍ദ്ദനത്തെക്കുറിച്ചും റോജി പ്രതികരിച്ചു

തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം നിയമസഭയില്‍ ഓര്‍മിപ്പിച്ച് റോജി എം ജോണ്‍ എംഎല്‍എ. അന്ന് പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി വ്യക്തമാക്കി. രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് വന്നതെന്നും ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം നടന്നതെന്നും റോജി പറഞ്ഞു.

‘യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചത്. 45 ലധികം തവണയാണ് പൊലീസ് സുജിത്തിനെ മര്‍ദ്ദിച്ചത്. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികള്‍ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കില്‍ പുറം ലോകം അറിയുമായിരുന്നോ’, റോജി ചോദിച്ചു.

സസ്‌പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ന്യായീകരിക്കരുതെന്നും സസ്‌പെന്‍ഷന്‍ ഒരു നടപടി അല്ലെന്നും റോജി പറഞ്ഞു. മര്‍ദ്ദിച്ചവരെ സേനയില്‍ നിന്ന് നീക്കണമെന്നും സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാന്‍ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനത്തെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് റോജി നല്‍കിയ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. അടിയന്തര പ്രമേയത്തിലായിരുന്നു സുജിത്ത് നേരിട്ട കസ്റ്റഡി മര്‍ദ്ദനം വിവരിച്ച് റോജി സംസാരിച്ചത്.

പീച്ചിയിലെ മര്‍ദ്ദനത്തെക്കുറിച്ചും റോജി പ്രതികരിച്ചു. സൈനികനെ മര്‍ദ്ദിച്ച കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം ലോക്കല്‍ സെക്രട്ടറിക്ക് വരെ പൊലീസില്‍ നിന്ന് രക്ഷ ഇല്ലെന്നും പേരൂര്‍ക്കട സ്റ്റേഷനില്‍ ബിന്ദുവിനെ കള്ളി ആക്കാന്‍ ശ്രമിച്ചെന്നും റോജി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button