generalinternational newsLatest NewsNewsPolitics

ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടെന്ന് നെതന്യാഹു; സര്‍ക്കാരിന്റെ മോശം നയങ്ങള്‍ മൂലമാണ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ്‌

ഗാസ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ലോകത്ത് സാമ്പത്തികമായി ഇസ്രയേല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടത്തിയ അപ്രതീക്ഷിത ആക്രണമണത്തിനു പിന്നാലെ ഇസ്രയേല്‍ രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരുന്നു.ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ തുറന്നു പറച്ചില്‍. രാജ്യത്തിന് പിടിച്ചു നില്‍ക്കാന്‍ വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കണമെന്നും ജറുസലേമില്‍ നടന്ന ധനകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ആയുധങ്ങള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും സ്വന്തമായി ആയുധങ്ങള്‍ നിര്‍മ്മിക്കണമെന്നും നെതന്യാഹു പറഞ്ഞു.

എന്നാല്‍ ഒറ്റപ്പെടല്‍ വെറുമൊരു വിധിയല്ലെന്നും നെതന്യാഹുവിന്റെയും അയാളുടെ മോശം സര്‍ക്കാരിന്റെയും മോശം നയങ്ങള്‍ കാരണമാണ് രാജ്യത്തിന് ഇത്തരം ഒരു അവസ്ഥവന്നതെന്നും പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. വിവിധ നയങ്ങള്‍ ഇസ്രയേലിനെ ഒരു മൂന്നാം ലോക രാജ്യമാക്കി മാറ്റുകയാണെന്നും യായിര്‍ ലാപിഡ് വിമര്‍ശിച്ചു. നിലവിലെ സ്ഥിതി മാറ്റാന്‍ നെതന്യാഹു ഒരു ശ്രമം നടത്തുന്നില്ലെന്നും യായിര്‍ ലാപിഡ് എക്‌സില്‍ കുറിച്ചു.

2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 65,000 പലസ്തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ക്രൂരമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ നവംബറില്‍, ഗാസയില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ക്കും വംശഹത്യയും ചൂണ്ടിക്കാട്ടി നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button