വയോധികന്റെ അപേക്ഷ നിരസിച്ചതിനെ കുറിച്ചുള്ള വിവാദത്തിൽ ”കെെപ്പിഴ”എന്ന് സുരേഷ് ഗോപി
തൃശൂർ ചേർപ്പിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ചതിനെ കുറിച്ചുള്ള വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അപേക്ഷ തള്ളിയത് കൈപ്പിഴയായിരുന്നുവെന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലുങ്ക് സംവാദത്തിന്റെ ലക്ഷ്യം സൗഹൃദ വേദി സൃഷ്ടിക്കലാണെന്നും, ചിലർ തെറ്റുകൾ എടുത്തുകാട്ടി അതിന്റെ പൊലിമ കുറയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
“വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷം. ഇനിയും കൊച്ചു വേലായുധൻമാരെ കണ്ടെത്തി വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടും. പാർട്ടിയെക്കൊണ്ട് നടപടിയും ഉറപ്പാക്കും,” എന്ന് അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലുമായി കലുങ്ക് സൗഹൃദ സദസ് സംഘടിപ്പിക്കുമെന്നും, വ്യക്തിഗത ആവശ്യങ്ങൾക്കല്ല സമൂഹത്തിനായാണ് ജനപ്രതിനിധിയുടെ ഇടപെടൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.പി. സ്ഥാനത്തുനിന്ന് ചെയ്യാൻ കഴിയുന്ന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, കേന്ദ്ര ഫണ്ടുകളാണ് മുൻഗണനയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമയിൽ നിന്നിറങ്ങാത്തതിനെച്ചൊല്ലിയ വിമർശനങ്ങൾക്കു മറുപടിയായി, “എന്തിന് ഇറങ്ങണം? ഇറങ്ങാൻ സൗകര്യമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ന് തൃശൂരിലെ കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മരത്താക്കര, പുതുക്കാട് എന്നീ നാലിടങ്ങളിലാണ് കലുങ്ക് സൗഹൃദ സംവാദങ്ങൾ നടക്കുന്നത്.
അതേസമയം, അപേക്ഷ നിരസിക്കപ്പെട്ട കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചു. ചേർപ്പിൽ നടന്ന പരിപാടിയിൽ അപേക്ഷ സ്വീകരിക്കാതെ അവഗണിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, സംഭവം സുരേഷ് ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു.
Tag: Suresh Gopi calls the controversy over the rejection of an elderly person’s application