keralaKerala NewsLatest News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമാവുകയാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സ്ഥിതി ആശങ്കാജനകമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയകൾ തന്നെ മുടങ്ങാനുള്ള സാഹചര്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും കത്തിൽ ഉൾപ്പെടുത്തി.

സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി രൂപ കുടിശികയായി തുടരുന്നതിനാൽ വിതരണക്കമ്പനികൾ ഒന്നാം തീയതി മുതൽ സാധനങ്ങൾ എത്തിക്കുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രം 29 കോടി 56 ലക്ഷം രൂപ കുടിശികയുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ സ്റ്റന്റ് ഇപ്പോഴും സ്റ്റോക്കിലുള്ളതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടില്ല. എന്നാൽ അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം പരിഹരിക്കപ്പെടാതെ പോയാൽ അടുത്ത ദിവസങ്ങളിൽ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. വിതരണക്കമ്പനികളുമായി സർക്കാർ തലത്തിൽ അടിയന്തര ചർച്ചകൾ തുടരുകയാണ്.

അതേസമയം, യൂറോളജി വിഭാഗത്തിലെ ഉപകരണ പ്രശ്നങ്ങൾ പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്. ഡോ. ഹാരിസ് വെളിപ്പെടുത്തിയ ഉപകരണ ക്ഷാമ വിവാദത്തിന് പിന്നാലെയാണ് നീക്കം. മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്മേലാണ് നടപടി.

കാലാവധി കഴിഞ്ഞ എഎസ്‌ഡബ്ല്യുഎൽ ഉപകരണത്തിന് പകരം പുതിയത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷമായി കാത്തിരിക്കുകയാണെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തിയിരുന്നു. പ്രസ്താവനയ്ക്കുശേഷം ചില ഉപകരണങ്ങൾ അടിയന്തരമായി എത്തിച്ചിരുന്നു. എങ്കിലും, പുതിയ ഉപകരണം വാങ്ങാനുള്ള അനുമതി ലഭിക്കാൻ രണ്ട് വർഷം എടുത്തതാണ് വിവാദത്തിന് കാരണം.

Tag: Report says there is a serious shortage of equipment for heart surgery at Thiruvananthapuram Medical College

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button