വിന്റേജ് ലുക്കിലുള്ള സുന്ദരി, സുന്ദരന്മാർ സൂക്ഷിക്കുക; എഐ പണി തരും
എ.ഐ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഒരു ഫോട്ടോ നൽകി എത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അത് ഏതൊരു രൂപത്തിലേക്കും മാറ്റിയെടുക്കാൻ സാധിക്കുന്ന സാഹചര്യം സോഷ്യൽ മീഡിയയിൽ നിരവധി ട്രെൻഡുകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ “ബനാന എ.ഐ.” ആണ്. ട്രെൻഡിന്റെ വരവോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞുകിടക്കുന്നത് വിന്റേജ് ലുക്കിലുള്ള സുന്ദരിമാരുടെയും സുന്ദരന്മാരുടെയും ചിത്രങ്ങളാണ്.
ജെമിനി ആപ്പ് ഉപയോഗിച്ച് ഒരു ഫോട്ടോയും പ്രോംപ്റ്റും നൽകി, വിന്റേജ്, പരമ്പരാഗത വധു, ബോളിവുഡ് സ്റ്റൈൽ തുടങ്ങി വേണ്ടത് പോലെ ചിത്രങ്ങൾ സൃഷ്ടിക്കാം. എങ്കിലും, ട്രെൻഡിൽ പങ്കാളികളാകുന്നവർക്ക് മുന്നറിയിപ്പുമായി സൈബർ വിദഗ്ധരും പൊലീസും രംഗത്തെത്തി. വ്യക്തിഗത ഫോട്ടോകൾ അപ്ലോഡ് ചെയ്യുമ്പോൾ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും ഗുരുതരമായ അപകടത്തിലാകാമെന്ന് അവർ പറയുന്നു. ബയോമെട്രിക് ഡാറ്റ പങ്കുവയ്ക്കുന്നത് വലിയ സുരക്ഷാ ഭീഷണികൾക്ക് കാരണമാകാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ, ഝലക് ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അനുഭവം വലിയ വിവാദമാവുകയും ചെയ്തു. താൻ നൽകിയ ചിത്രത്തിൽ മറുക് (mole) ഉണ്ടായിരുന്നില്ലെന്നും, എന്നാൽ സൃഷ്ടിച്ചെടുത്ത ചിത്രത്തിൽ എങ്ങനെ ഇത് പ്രത്യക്ഷപ്പെട്ടു എന്ന് ചോദിച്ച അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. വീഡിയോയ്ക്ക് പിന്നാലെ, സമാനമായ അനുഭവം പങ്കുവെക്കുന്ന നിരവധി കമന്റുകളും ഉയർന്നു.
ഇന്റർനെറ്റിൽ മുമ്പ് ഉപയോക്താക്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളെയും, പൊതുവായും ഇന്റർനെറ്റിൽ ലഭ്യമായ ചിത്രങ്ങളെയും വിശകലനം ചെയ്ത് പുതിയ ചിത്രം സൃഷ്ടിക്കുന്നതാകാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഉപയോക്താവിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇത്തരത്തിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനെച്ചൊല്ലി വലിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
Tag: Vintage-looking beauty, handsome men beware; AI will do the work